നടിയെ അക്രമിച്ച കേസ്; മൂന്ന് ഫോൺ സംഭാഷണങ്ങൾ കൂടി കോടതിക്ക് കൈമാറി
ഇവ കേസിൽ നിർണായക തെളിവാണെന്ന് പ്രോസിക്യൂഷൻ
കൊച്ചി: നടിയെ അക്രമിച്ച കേസിൽ പുതിയ മൂന്ന് ഫോൺ സംഭാഷണങ്ങൾ കൂടി പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജും സുഹൃത്ത് ശരത്തുമായുള്ള സംഭാഷണം, ആലുവയിലെ ഡോക്ടറും സുരാജും തമ്മിലുള്ള സംഭാഷണം, അഡ്വ. സുജേഷ് മേനോനും ദിലീപും നടത്തിയ സംഭാഷണം എന്നിവയാണ് കോടതിക്ക് കൈമാറിയത്. ഇവ കേസിൽ നിർണായക തെളിവാണെന്ന് പ്രോസിക്യൂഷൻ അവകാശപ്പെട്ടു.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധഗൂഢാലോചനക്കേസിൽ കീഴടങ്ങിയ ഹാക്കർ സായ് ശങ്കറിനെ കോടതിയിൽ ഹാജരാക്കും. ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. തുടർന്ന് മൊഴി രേഖപ്പെടുത്തും. ഹാക്കർ സായ് ശങ്കർ സ്വയം കീഴടങ്ങിയതാണെന്നും ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന്നെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും എസ്പി മോഹനചന്ദ്രൻ പറഞ്ഞിരുന്നു. ഇയാൾക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും എസ്.പി അറിയിച്ചു.നടൻ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചത് സായ് ശങ്കറാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കർ. ആന്ധ്രയിലെ പുട്ടപർത്തിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന സായ് ശങ്കർ ഇന്നലെ രാത്രിയാണ് കീഴടങ്ങിയത്.
Actress assault case; Three more phone conversations were handed over to the court