നടിയെ ആക്രമിച്ച കേസ് അനന്തമായി നീട്ടാനാവില്ല; മാർച്ച് ഒന്നിന് അന്തിമ റിപ്പോർട്ട് നൽകിക്കൂടെ എന്ന് കോടതി
തുടരന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് ഡി.ജി.പി കോടതിയെ അറിയിച്ചു. 40 സാക്ഷികളുടെ മൊഴിയെടുത്തുവെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം മാർച്ച് ഒന്നിന് പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകിക്കൂടെ എന്ന് ഹൈക്കോടതി. ഈ കേസിൽ മാത്രം എന്താണ് ഇത്ര പ്രത്യേകത എന്നും ഒരു സാക്ഷിയുടെ വെളിപ്പെടുത്തലിൽ എന്താണ് ഇത്രമാത്രം അന്വേഷിക്കാനുള്ളതെന്നും ഹൈക്കോടതി ചോദിച്ചു. തുടരന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് ഡി.ജി.പി കോടതിയെ അറിയിച്ചു. തുടരന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകാൻ ആകില്ലെന്ന് കോടതിയുടെ പരാമർശനത്തിന് മറുപടി നൽകുകയായിരുന്നു പ്രോസിക്യൂഷൻ.
നിലവിൽ രണ്ട് മാസം പൂർത്തിയായെന്നും കോടതി നിരീക്ഷിച്ചു. തുടരന്വേഷണം പൂർത്തിയാക്കാൻ എത്ര സമയം കൂടി വേണം എന്ന് കോടതി ചോദിച്ചു. സമയപരിധി നിശ്ചയിക്കുന്നതിൽ എതിർപ്പില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി നാല് തവണ സമയം നീട്ടി നൽകി എന്നും കോടതി ചൂണ്ടിക്കാട്ടി. ബാലചന്ദ്രകുമാർ ഈ നാല് വർഷം എവിടെ ആയിരുന്നു എന്നും കോടതി ചോദിച്ചു.
തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കേസിൽ അതിജീവിതയെ ഹൈക്കോടതി കക്ഷി ചേർത്തിട്ടുണ്ട്. തുടരന്വേഷണത്തിനെതിരെ ദിലീപ് നൽകിയ ഹർജിയിൽ മൂന്നാം എതിർ കക്ഷിയാക്കി വാദം കേൾക്കണമെന്ന നടിയുടെ ആവശ്യമാണ് കോടതി അംഗീകരിച്ചത്.