'നടിയെ ആക്രമിച്ച കേസിൽ അന്വേഷണ വിവരങ്ങൾ ചോരുന്നു'; എഡിജിപിയോട് വിശദീകരണം തേടി
18ന് എഡിജിപി റിപ്പോർട്ട് നൽകണമെന്നാണ് കോടതി നിർദേശം. ഇത് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി പറഞ്ഞു.
Update: 2022-04-12 08:47 GMT
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്നുവെന്ന പരാതിയിൽ എഡിജിപിയോട് വിശദീകരണം തേടി. വിചാരണ കോടതിയാണ് റിപ്പോർട്ട് തേടിയത്. 18ന് എഡിജിപി റിപ്പോർട്ട് നൽകണമെന്നാണ് കോടതി നിർദേശം. ഇത് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി പറഞ്ഞു.
ബിജു പൗലോസ് മാധ്യമങ്ങൾക്ക് വിവരങ്ങൾ കൈമാറിയെന്നാണ് പരാതി. കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ മാധ്യമങ്ങൾക്ക് നൽകിയെന്ന പരാതിയിലാണ് നടപടി.
അതിനിടെ വധഗൂഢാലോചനാ കേസിലെ മാധ്യമ വിചാരണ തടയണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജ് ഹൈക്കോടതിയെ സമീപിച്ചു. ഹരജി ഹൈക്കോടതി ഉച്ചക്ക് ശേഷം പരിഗണിക്കും. നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം.