'ദിലീപ് ഭരണകക്ഷിയിലെ ചിലരെ സ്വാധീനിച്ചു': സർക്കാരിനും വിചാരണ കോടതിക്കുമെതിരെ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍
കേസിൽ ആദ്യഘട്ടത്തിൽ ശരിയായ രീതിയിലായിരുന്നു അന്വേഷണം നടന്നിരുന്നത്
കൊച്ചി: വിചാരണക്കോടതിക്കും സർക്കാരിനുമെതിരെ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ ഹരജി നൽകി. കേസ് അട്ടിമറിക്കാൻ നീക്കമെന്ന് ചൂണ്ടിക്കാട്ടിയാണ് നടി ഹരജി നൽകിയത്. ഭരണകക്ഷിയില്‍ പെട്ട ചിലരെ ദിലീപ് സ്വാധീനിച്ചു. കേസ് അവസാനിപ്പിക്കാൻ നീക്കം നടക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ഹരജിയിൽ പറയുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ വെച്ച ദൃശ്യം ചോർന്നത്തിൽ കോടതിക്ക് ഉത്തരവാദിത്വമുണ്ടെന്നും ഇതിൽ കുറ്റക്കാരെ കണ്ടെത്താൻ കോടതി ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഹരജിയിൽ പറയുന്നു.
കേസിൽ ആദ്യഘട്ടത്തിൽ ശരിയായ രീതിയിലായിരുന്നു അന്വേഷണം നടന്നിരുന്നത്. എന്നാൽ ദിലീപിന്റെ അഭിഭാഷകന്റെ ഉന്നതതല ബന്ധം കേസ് അവസാനിപ്പിക്കാൻ കാരണമാണെന്ന് നടി ഹരജിയിൽ പറയുന്നു. നിലവിൽ കേസിന്റെ അന്വേഷണം ശരിയായ ദിശയിലല്ല നീങ്ങുന്നതെന്നും നടി വ്യക്തമാക്കുന്നു.
അന്വേഷണം ഇങ്ങനെയാണെങ്കിൽ നീതി ലഭിക്കില്ലെന്നും, ഈ സാഹചര്യത്തിൽ ഹൈക്കോടതി ഇടപെടണമെന്നുമാണ് നടി ഹരജിയിലൂടെ ആവശ്യപ്പെടുന്നത്. ക്രൈംബ്രാഞ്ച് മേധാവിയുടെ മാറ്റത്തിന് പിന്നാലെ അന്വേഷണം മരവിച്ച മട്ടിലായെന്നും നടി പരാതിപ്പെട്ടിട്ടുണ്ട്. ഇനിയും നിരവധി ഫോറൻസിക് തെളിവുകൾ പരിശോധിക്കാനുണ്ട്. ഇതു കൂടി വിശദമായി പരിശോധിച്ച് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കാൻ നിർദേശം നൽകണമെന്നും നടി ഹരജിയിൽ ആവശ്യപ്പെട്ടു.
ക്രൈംബ്രാഞ്ച് മേധാവായിയിരുന്ന എസ് ശ്രീജിത്തിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം പുരോഗമിച്ചിരുന്നത്. എന്നാൽ അന്വേഷണം അന്ത്യഘട്ടത്തിലെത്തി നിൽക്കെ, ശ്രീജിത്തിനെ പൊലീസ് വകുപ്പിൽ നിന്ന് മാറ്റി, ഷേഖ് ദർവേഷ് സാഹിബിനെ പകരം ക്രൈംബ്രാഞ്ച് മേധാവിയായി സർക്കാർ നിയമിച്ചു.
കേസിൽ ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യേണ്ടതില്ലെന്ന് അന്വേഷണസംഘത്തിന് നിർദേശം ലഭിക്കുകയും ചെയ്തു. ചോദ്യം ചെയ്യാനുള്ള നീക്കത്തിനെതിരെ ദിലീപിന്റെ അഭിഭാഷകൻ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു