5.75 കോടി നഷ്ടപരിഹാരം വേണം; നടി മഞ്ജു വാര്യർക്ക് നടി ശീതൾ തമ്പിയുടെ വക്കീൽ നോട്ടീസ്
'ഫൂട്ടേജ്' സിനിമാ ചിത്രീകരണത്തിനിടെ ശീതളിന് പരിക്കേറ്റിരുന്നു. മതിയായ സുരക്ഷയൊരുക്കിയിരുന്നെങ്കിൽ ഇത്തരത്തിൽ പരിക്കേൽക്കുമായിരുന്നില്ലെന്ന് നടി പറയുന്നു.
കൊച്ചി: ഷൂട്ടിങ് ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി നടിയും നിർമാണ പങ്കാളിയുമായ മഞ്ജു വാര്യർക്ക് നടി ശീതൾ തമ്പിയുടെ വക്കീൽ നോട്ടീസ്. 'ഫൂട്ടേജ്' എന്ന സിനിമാ ചിത്രീകരണത്തിനിടെ ശീതളിന് പരിക്കേറ്റിരുന്നു. ഇത് മതിയായ സുരക്ഷയൊരുക്കാത്തതിനെ തുടർന്നാണെന്നും 5.75 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസയച്ചത്.
'ഫൂട്ടേജ്' സിനിമ നിർമിച്ച മൂവീ ബക്കറ്റ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ പാർട്ണർ ആണ് മഞ്ജു വാര്യർ. മഞ്ജു നായികയായ പുതിയ ചിത്രമായ ഫൂട്ടേജിന്റെ ചിത്രീകരണത്തിനിടെ ശീതളിന് പരിക്കേറ്റിരുന്നു. ഉയർന്ന ഭാഗത്തുനിന്ന് താഴേക്കു ചാടുന്ന ഷോട്ട് ആവർത്തിച്ച് എടുക്കാൻ നിർബന്ധിച്ചെന്നും എന്നാൽ അടിയിൽ ഇട്ടിരുന്ന ഫോംബെഡ്ഡിന് മതിയായ കട്ടിയുണ്ടായിരുന്നില്ലെന്ന് അണിയറപ്രവർത്തകരെ അറിയിച്ചിരുന്നെന്നും ശീതൾ പറയുന്നു.
പക്ഷേ, തന്നെ നിർബന്ധിച്ച് ചാടിക്കുകയും അവസാനത്തെ ഷോട്ടിനിടെ കാര്യമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റതിനു പിന്നാലെ ആംബുലൻസ് പോലും ഒരുക്കാതെ കാട്ടിലൂടെ പുറത്തെത്തിക്കുകയും ചെയ്തു. ഇതിൽ പരിക്ക് ഗുരുതരമാവുകയും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലടക്കം ചികിത്സ തേടുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ആശുപത്രിയില്‍ വലിയ തുക ചെലവായി. എന്നാൽ പിന്നീടും നിരന്തരം ആരോഗ്യപ്രശ്നങ്ങളുണ്ടായി.
ചികിത്സാസമയത്ത് കുറച്ചൊക്കെ ധനസഹായം നൽകിയെങ്കിലും പിന്നീട് ദൈനംദിന ജീവിതത്തെ പോലും ബാധിക്കുന്ന രീതിയിൽ ഈ പരിക്ക് മാറി. ഇപ്പോഴും വേണ്ടത്ര സുഖംപ്രാപിച്ചിട്ടില്ല. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നഷ്ടപരിഹാരത്തിനായി സംസാരിച്ചപ്പോൾ സിനിമയുടെ പ്രമോഷൻ പരിപാടികളിൽ പങ്കെടുത്താൽ സഹായിക്കാം എന്നായിരുന്നു മറുപടി. ഇതനുസരിച്ച് പ്രമോഷൻ പരിപാടികൾ പങ്കെടുത്തെങ്കിലും പിന്നീട് യാതൊരു അനുകൂല പ്രതികരണവും ഉണ്ടായില്ലെന്നാണ് നടി ആരോപിക്കുന്നത്.
മതിയായ സുരക്ഷയൊരുക്കിയിരുന്നെങ്കിൽ ഇത്തരത്തിൽ പരിക്കേൽക്കുമായിരുന്നില്ലെന്നും അതിനാൽ തുടർചികിത്സയ്ക്കും ദൈനംദിന ജീവിതാവശ്യങ്ങൾക്കുമായി 5.75 കോടി നഷ്ടപരിഹാരം വേണം എന്നുമാവശ്യപ്പെട്ടാണ് അഡ്വ. രഞ്ജിത് മാരാർ മുഖേന വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസ് കൈപ്പറ്റി 30 ദിവസത്തിനകം മതിയായ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ നിയമനടപടികളുണ്ടാവുമെന്നും നടി ചൂണ്ടിക്കാട്ടുന്നു.