ഇസ്‌ലാമോഫോബിയ ചർച്ചയ്ക്കാണ് ക്ഷണിച്ചതെന്ന പ്രയോഗം കൊണ്ട് ഷാരിസ് മുഹമ്മദ് ഉന്നം വയ്ക്കുന്നത് എന്തിനെയാണ്? മറുപടിയുമായി ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

സിനിമാലോകത്ത് തനിക്ക് ചാർത്തപ്പെട്ട് കിട്ടുമെന്ന് കരുതുന്ന ചില 'ബ്രാൻഡുകളോട്' പ്രതികരിക്കാൻ കഴിയാത്ത സാഹചര്യത്തെ മുൻനിർത്തി പരിപാടിയിൽ നിന്ന് പിന്മാറുന്നതായാണ് അദ്ദേഹം അറിയിച്ചത്

Update: 2022-08-03 07:27 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോഴിക്കോട്: ഫ്രറ്റേണിറ്റി മൂവ്മെന്‍റിന്‍റെ ഇസ്‍ലാമോഫോബിയ സമ്മേളനത്തിലേക്ക് തന്നെ ക്ഷണിച്ചുവെന്ന തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദിന്‍റെ പ്രസ്താവനക്കെതിരെ സംസ്ഥാന സെക്രട്ടറി ആദില്‍ അബ്ദുല്‍ റഹിം. 'നവ ജനാധിപത്യ ഭാവനകളും മലയാള സിനിമയും' എന്ന ചർച്ച സംഗമത്തിന്‍റെ ഭാഗമായിട്ടാണ് താൻ ഷാരിസിനെ ഫോണിലൂടെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും എന്നാൽ 'ഇത്തരം' പരിപാടികളിൽ പങ്കെടുക്കുന്നതിലൂടെ സിനിമാലോകത്ത് തനിക്ക് ചാർത്തപ്പെട്ട് കിട്ടുമെന്ന് കരുതുന്ന ചില 'ബ്രാൻഡുകളോട്' പ്രതികരിക്കാൻ കഴിയാത്ത സാഹചര്യത്തെ മുൻനിർത്തി പരിപാടിയിൽ നിന്ന് പിന്മാറുന്നതായാണ് അദ്ദേഹം അറിയിച്ചതെന്നും ആദില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ആദിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഫ്രറ്റേണിറ്റി മൂവ്മെന്‍റ് 2022 ജൂൺ 13ന് നടത്താൻ തീരുമാനിച്ച 'നവ ജനാധിപത്യ ഭാവനകളും മലയാള സിനിമയും' എന്ന ചർച്ച സംഗമത്തിന്‍റെ ഭാഗമായിട്ടാണ് ഞാൻ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദിനെ ഫോണിലൂടെ പരിപാടിയിലേക്ക് ക്ഷണിക്കുന്നത്. സാമൂഹ്യ നീതിയും നവജനാധിപത്യ ഭാവനകളും ചർച്ചയാകുന്ന വ്യത്യസ്ത സിനിമകൾ പുറത്തിറങ്ങിയ സമകാലിക പശ്ചാത്തലത്തിൽ മലയാളം സിനിമ മേഖലയിൽ രൂപപ്പെട്ട് വരുന്ന പുതിയ ജനാധിപത്യ കാഴ്ചപ്പാടുകളെ മുൻ നിർത്തി സംസാരിക്കുന്നതിനു വേണ്ടിയാണ് അദ്ദേഹത്തെ പരിപാടിയിലേക്ക് ക്ഷണിച്ചത്. എന്നാൽ പരിപാടിയുടെ പ്രാധാന്യം എന്നതിനപ്പുറം 'ഇത്തരം' പരിപാടികളിൽ പങ്കെടുക്കുന്നതിലൂടെ സിനിമാലോകത്ത് തനിക്ക് ചാർത്തപ്പെട്ട് കിട്ടുമെന്ന് കരുതുന്ന ചില 'ബ്രാൻഡുകളോട്' പ്രതികരിക്കാൻ കഴിയാത്ത സാഹചര്യത്തെ മുൻനിർത്തി പരിപാടിയിൽ നിന്ന് പിന്മാറുന്നതായാണ് അദ്ദേഹം അറിയിച്ചത്.

ഭരണകൂട വേട്ടയ്ക്കെതിരെ സിനിമ രംഗത്ത് ശക്തിപ്പെടുന്ന ജനാധിപത്യ പോരാട്ടങ്ങൾക്ക് കരുത്ത് പകരുന്ന ചർച്ചയാണ് പ്രസ്തുത പരിപാടിയിലൂടെ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ലക്ഷ്യം വെച്ചത്. വ്യവസ്ഥാപിത അനീതിക്കെതിരെ നടക്കുന്ന ചർച്ച സംഗമത്തിൽ രാജ്യത്ത് നിലനിൽക്കുന്ന ജാതീയ വിവേചനവും ഇസ്‌ലാമോഫോബിയയും സ്വാഭാവികമായും ചർച്ച ചെയ്യപ്പെടും. എന്നാൽ ഇസ്‌ലാമോഫോബിയ ചർച്ചയ്ക്കാണ് തന്നെ ഫ്രറ്റേണിറ്റി ക്ഷണിച്ചതെന്ന പ്രയോഗം കൊണ്ട് ഷാരിസ് മുഹമ്മദ് ഉന്നം വയ്ക്കുന്നത് എന്തിനെയാണ്...? മലയാള സിനിമ മേഖലയിൽ അൾട്രാ സെക്കുലർ ഭാവുകത്വം ആഗ്രഹിക്കുന്ന വ്യക്തികളുടെ നിരയിലേക്ക് ചേർത്തുനിർത്തപ്പെടുകയില്ല എന്ന ആശങ്കയായിരിക്കാം അദ്ദേഹത്തെ ഇത്തരം ചർച്ചകളിൽ നിന്ന് മാറ്റി നിർത്തുന്നത്.

സവർണ ന്യൂനപക്ഷ അധീശത്വം വാഴുന്ന കലാ സാഹിത്യ മേഖലകളിൽ പുതുകാല സിനിമകളും സംവിധായകരും ആർജ്ജവത്തോടെ എഴുന്നേറ്റ് നിന്ന് പ്രതികരിക്കുന്നതിന്‍റെ ധാരാളം ഉദാഹരണങ്ങൾ പ്രതീക്ഷയോടെയാണ് കേരളീയ സമൂഹം സ്വീകരിക്കുന്നത്. എന്നാൽ വിശുദ്ധ മതേതരത്വ ബ്രാൻഡിങ്ങിലൂടെ അത്തരം ഫാസിസ്റ്റ് ഗൂഢാലോചനകളെ പ്രതിരോധിക്കാം എന്നത് ദുർബലമായ ബോധ്യങ്ങൾ മാത്രമാണ്. ഏതായാലും - കണ്ണൂർ നഗരത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് കേരള സംഘടിപ്പിച്ച പ്രസ്തുത പരിപാടിയിൽ ഡോ. എ കെ വാസു, ലീലാ സന്തോഷ്, സമീൽ ഇല്ലിക്കൽ, ഇജാസുൽ ഹഖ്, സജീദ് ഖാലിദ് തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയുടെ പോസ്റ്ററും മറ്റു വിശദാംശങ്ങളും ഇതോടൊപ്പം ചേർക്കുന്നു.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News