ആദിവാസി ഊരുകളിലെ പെൺകുട്ടികളുടെ ആത്മഹത്യ; ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഊരുകളിലെത്തും
പെരിങ്ങമല, വിതുര പഞ്ചായത്തുകളിലെ ആദിവാസി ഊരുകളിലാണ് പെൺകുട്ടികൾ ജീവനൊടുക്കിയത്. ഊരുകളിൽ പിടിമുറുക്കുന്ന കഞ്ചാവ് സംഘങ്ങൾ പെൺകുട്ടികളെ പ്രണയക്കുരുക്കിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുന്നുവെന്നാണ് രക്ഷിതാക്കളുടെ പരാതി.
Update: 2022-01-16 03:47 GMT
ആദിവാസി ഊരുകളിലെ പെൺകുട്ടികളുടെ ആത്മഹത്യയെ കുറിച്ച് അന്വേഷിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആദിവാസി ഊരുകളിലെത്തും. വിതുര,പെരിങ്ങമ്മല സെറ്റിൽമെന്റ് കോളനികളിലാണ് ഉന്നത ഉദ്യോഗസ്ഥർ സന്ദർശനം നടത്തുക. ജില്ലാ റൂറൽ പൊലീസ് മേധാവി ദിവ്യ വി ഗോപിനാഥ് തിങ്കളാഴ്ച എത്തും. നാല് മാസത്തിനിടെ 18 വയസിന് താഴെയുള്ള അഞ്ച് പെൺകുട്ടികളാണ് ആത്മഹത്യ ചെയ്തത്.
പെരിങ്ങമല, വിതുര പഞ്ചായത്തുകളിലെ ആദിവാസി ഊരുകളിലാണ് പെൺകുട്ടികൾ ജീവനൊടുക്കിയത്. ഊരുകളിൽ പിടിമുറുക്കുന്ന കഞ്ചാവ് സംഘങ്ങൾ പെൺകുട്ടികളെ പ്രണയക്കുരുക്കിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുന്നുവെന്നാണ് രക്ഷിതാക്കളുടെ പരാതി. ലഹരി സംഘങ്ങളെ നേരിടാൻ പൊലീസും എക്‌സൈസും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആരോപണമുയർന്നിരുന്നു.