എഡിഎമ്മിന്റെ മരണം: കൈക്കൂലി സംബന്ധിച്ച് രേഖാമൂലം പരാതി കിട്ടിയില്ല; ജില്ലാ കലക്ടറുടെ പ്രാഥമിക റിപ്പോർട്ട്
നവീൻ ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തി
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ അരുൺ കെ. വിജയൻ റവന്യു വകുപ്പ് മന്ത്രിക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉന്നയിച്ച വിഷയത്തിൽ പരാതിക്കാരന്റെ ഭാഗത്തുനിന്ന് രേഖാമൂലമുള്ള പരാതിയൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് കലക്ടർ അറിയിച്ചു. കൂടുതൽ അന്വേഷണം നടത്തിയ ശേഷം വിശദമായ റിപ്പോർട്ട് കലക്ടർ മന്ത്രിക്ക് സമർപ്പിക്കും.
കെ. നവീൻ ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തി. മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. എഡിഎമ്മിന്റെ ക്വാർട്ടേഴ്‌സിൽ കണ്ണൂർ തഹസിൽദാർ ഇൻ ചാർജ് സി.കെ ഷാജിയാണ് മൃതദേഹം ഇൻക്വസ്റ്റ് നടത്തിയത്. മൃതദേഹത്തെ കണ്ണൂർ റവന്യു വകുപ്പിൽനിന്നുള്ള ഉദ്യോഗസ്ഥ സംഘം പത്തനംതിട്ടയിലേക്ക് അനുഗമിക്കും.
നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ വെച്ച് കഴിഞ്ഞ ദിവസം അദ്ദേഹത്തിനെതിരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെ പള്ളിക്കുന്നിലെ വീട്ടിൽ അദ്ദേഹത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ക്ഷണിക്കാത്ത ചടങ്ങിൽ എത്തിയായിരുന്നു ദിവ്യയുടെ നാടകീയ നീക്കം.
ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതിൽ അഴിമതി നടത്തിയെന്നായിരുന്നു നവീനെതിരെ ദിവ്യ ഉയർത്തിയ ആരോപണം. ജില്ലാ കലക്ടർ ഉൾപ്പെടെ വേദിയിലിരിക്കെയാണ് ആരോപണം ഉന്നയിച്ചത്. നവീൻ ബാബു ഇനി പോകുന്ന സ്ഥലത്ത് ഇങ്ങനെ പ്രവർത്തിക്കരുതെന്ന് പറഞ്ഞ ദിവ്യ, നവീൻ കുമാറിന് ഉപഹാരം നൽകുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് വേദി വിടുകയും ചെയ്തിരുന്നു.