കള്ളക്കേസില്‍ കുടുക്കുമെന്ന് സി.ഐ ഭീഷണിപ്പെടുത്തി: സി.പി.എം അനുകൂല അഭിഭാഷക സംഘടനാ നേതാവ്
മുന്‍കൂര്‍ ജാമ്യം ലഭിച്ച പ്രതിയെ അറസ്റ്റ് ചെയ്യുന്നത് തടയാന്‍ ശ്രമിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് അഡ്വ. എടത്തൊടി രാധാകൃഷ്ണന്‍
ബേപ്പൂര്‍ സി.ഐ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് സി.പി.എം അനുകൂല അഭിഭാഷക സംഘടനാ നേതാവ് രംഗത്ത്. മുന്‍കൂര്‍ ജാമ്യം ലഭിച്ച പ്രതിയെ അറസ്റ്റ് ചെയ്യുന്നത് തടയാന്‍ ശ്രമിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് അഡ്വ. എടത്തൊടി രാധാകൃഷ്ണന്‍ പറയുന്നു. സി.ഐക്കെതിരെ വിമർശനമുന്നയിക്കാൻ വിളിച്ച വാര്‍ത്താസമ്മേളനം തടയാന്‍ എ.സി.പിയും സി.പി.എം നേതാക്കളും ശ്രമിച്ചെന്ന ആരോപണവും ഉന്നയിക്കുന്നുണ്ട്.
എടത്തൊടി രാധാകൃഷ്ണന്‍ മുഖേന മുന്‍കൂര്‍ ജാമ്യം ലഭിച്ച പ്രതിയെ ബേപ്പൂര്‍ സി.ഐ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ സി.ഐ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സി.ഐ തനിക്കെതിരെ ഗൂഢാലോചന നടത്തി. താന്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന് സി.ഐ മജിസ്ട്രേറ്റിന് പരാതി കൊടുപ്പിച്ചെന്നും എടത്തൊടി രാധാകൃഷ്ണന്‍ പറയുന്നു.
സി.ഐക്കെതിരെ വിളിച്ച വാര്‍ത്താസമ്മേളനം തടയാന്‍ കോഴിക്കോട് ഇന്‍റിലിജന്‍സ് എ.സി.പി ഉമേഷും സി.പി.എം നേതാക്കളും ശ്രമിച്ചെന്നും ആരോപിക്കുന്നു. നിയമ പ്രകാരം മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്നാണ് ബേപ്പൂര്‍ സി.ഐയുടെ വിശദീകരണം.