ഒരു കാന്താരി പോലും വച്ചുപിടിപ്പിക്കാന്‍ പറ്റുന്നില്ലന്നേ; ഒച്ചിനെക്കൊണ്ടു പൊറുതിമുട്ടി മുഹമ്മക്കാര്‍
കൃഷി നശിപ്പിക്കുന്ന ഒച്ചുകൾ മസ്തിഷ്ക രോഗത്തിനും അലർജിക്കും കാരണമാകുമെന്നും പഠനമുണ്ട്
ആഫ്രിക്കൻ ഒച്ചിന്‍റെ ശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് ആലപ്പുഴ മുഹമ്മ നിവാസികൾ. കൃഷി നശിപ്പിക്കുന്ന ഒച്ചുകൾ മസ്തിഷ്ക രോഗത്തിനും അലർജിക്കും കാരണമാകുമെന്നും പഠനമുണ്ട്.
ശല്യം രൂക്ഷമായതോടെ ഒച്ചിനെ പിടിക്കാൻ മത്സരം സംഘടിപ്പിച്ചിരിക്കുകയാണ് മുഹമ്മക്കാർ. കൂടുതൽ ഒച്ചിനെ പിടിക്കുന്നവർക്ക് രണ്ടു താറാവാണ് സമ്മാനം. ഇരുട്ട് വീണുതുടങ്ങിയാൽ ശാലിനിയും കുടുംബവും വെള്ളത്തിൽ ഉപ്പുകലക്കി ടോർച്ചുമായി പറമ്പിലേക്കിറങ്ങും. നട്ടുനനച്ചതൊക്കെ തിന്നു തീർക്കുന്ന ആഫ്രിക്കൻ ഒച്ചുകളെ പിടികൂടി നശിപ്പിക്കുകയാണ് ലക്ഷ്യം. ശാലിനിയുടെ മാത്രം ദുരിതമല്ല. ഭൂരിഭാഗം മുഹമ്മക്കാരും സന്ധ്യയായാൽ മുറ്റത്തും പറമ്പിലുമൊക്കെയാണ്. ശല്യം കൂടിയതോടെ ഒച്ച് നിർമാർജ്ജനത്തിന് വഴികൾ പലത് പരീക്ഷിക്കുകയാണ് ഇവർ. ഒച്ചിൽ കാണപ്പെടുന്ന വിര മസ്തിഷ്ക വീക്കത്തിനും ശരീരദ്രവം അലർജിക്കും കാരണമാകും. ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദേശം.