പാര്‍ട്ടി ക്ലീന്‍ ചിറ്റിന് പിന്നാലെ പി.ജെ ആര്‍മിയുടെ പേര് മാറ്റി, ഇനി റെഡ് ആര്‍മി
2019 മെയ് 27നാണ് പി.ജെ ആര്‍മി എന്ന പേജ് രൂപം കൊള്ളുന്നത്. വോട്ട് ഫോര്‍ പി.ജെ എന്ന ഫേസ്ബുക്ക് പേജാണ് പിന്നീട് പി.ജെ ആര്‍മി ആയി മാറുന്നത്
വ്യക്തി പൂജ വിവാദത്തില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ പി. ജയരാജനെതിരായ പാര്‍ട്ടി അന്വേഷണ കമ്മിറ്റിയുടെ ക്ലീന്‍ ചിറ്റ് ലഭിച്ചതിന് പിന്നാലെ പി.ജെ. ആര്‍മി എന്ന ഫേസ്ബുക്ക് പേജിന്‍റെ പേര് മാറ്റി. റെഡ് ആര്‍മി എന്നാണ് പേജിന്‍റെ പുതിയ പേര്. നേരത്തെ പി.ജെ ആര്‍മിയടക്കമുള്ള പേജുകള്‍ക്കെതിരെ പി ജയരാജന്‍ തന്നെ രംഗത്തുവന്നിരുന്നു. പാര്‍ട്ടിക്കു വേണ്ടിയെന്ന രീതിയില്‍ തന്‍റെ ഫോട്ടോയും മറ്റും ഉപയോഗിച്ചു നടത്തുന്ന പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിയണമെന്ന് പി.ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വ്യക്തിപ്രഭാവത്തിന്‍റെ പിറകേ പി ജയരാജന്‍ പോകുന്നില്ലെന്ന് പാര്‍ട്ടി കണ്ടെത്തിയതും ജില്ലാ കമ്മിറ്റി ഇതിന് അംഗീകാരം നല്‍കിയതും.
2019 മെയ് 27നാണ് പി.ജെ ആര്‍മി എന്ന പേജ് രൂപം കൊള്ളുന്നത്. വോട്ട് ഫോര്‍ പി.ജെ എന്ന ഫേസ്ബുക്ക് പേജാണ് പിന്നീട് പി.ജെ ആര്‍മി ആയി മാറുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ജയരാജന് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് പി.ജെ ആര്‍മി രൂക്ഷ വിമര്‍ശനം നടത്തുകയും പി.ജയരാജന്‍ തന്നെ പേജിനെതിരെ രംഗത്തുവന്നതും വാര്‍ത്തയായിരുന്നു. പിജെ ആർമി എന്ന ഫേസ്ബുക്ക് പേജിന്‍റെ പ്രൊഫൈലില്‍ നിന്ന് പിന്നീട് പി ജയരാജന്‍റെ ചിത്രം മാറ്റി പിണറായി വിജയനെ ക്യാപ്റ്റന്‍ എന്ന അടിക്കുറുപ്പോടെ അവതരിപ്പിക്കുകയും ചെയ്തു. ഫേസ്ബുക്കില്‍ നിന്നുമുള്ള വിവര പ്രകാരം ബഹ്റൈന്‍, സൗദി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പേജ് കൈകാര്യം ചെയ്യുന്നത്.
സിപി.എം സംസ്ഥാന ഘടകത്തില്‍ വര്‍ഷങ്ങളായി ഉയര്‍ന്നുനിന്ന ആരോപണങ്ങളിലൊന്നാണ് പി.ജയരാജനെതിരെയുള്ള വ്യക്തപ്രഭാവ പ്രചരണങ്ങളുമായി ബന്ധപ്പെട്ടത്. സമൂഹ മാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് വ്യക്തിപ്രഭാവം വളര്‍ത്താന്‍ പി ജയരാജന്‍ ശ്രമം നടത്തിയതായ ആരോപണം ശക്തമായതോടെയാണ് പാര്‍ട്ടി മൂന്നംഗ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചത്. എ.എന്‍ ഷംസീര്‍, എന്‍ ചന്ദ്രന്‍, ടി.ഐ മധുസൂദനന്‍ എന്നിവരടങ്ങുന്ന കമ്മീഷനാണ് വിവാദത്തില്‍ വിശദമായ അന്വേഷണം നടത്തിയത്. വ്യക്തിപരമായി ഉയര്‍ത്തിക്കാട്ടാന്‍ ജയരാജന്‍റെ ഭാഗത്ത് നിന്നും ശ്രമമൊന്നും നടന്നിട്ടില്ലെന്ന നിഗമനത്തിലാണ് കമ്മീഷന്‍ അന്വേഷണം അവസാനിപ്പിച്ചത്.
പിണറായി വിജയനെ അര്‍ജുനനായും ജയരാജനെ ശ്രീകൃഷ്ണനായും ചിത്രീകരിക്കുന്ന വലിയ ബോര്‍ഡുകള്‍ സ്ഥാപിച്ചതോടെയാണ് ജയരാജ സ്തുതി വേറെ തലത്തിലേക്കെത്തുന്നത്. പിന്നാലെ പി ജയരാജനെ വാഴ്ത്തുന്ന വിപ്ലവ പാട്ടുകളും പുറത്തുവന്നു. പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ ജയരാജന് സ്വീകാര്യതയും സ്വാധീനവും വര്‍ധിച്ചതോടെയാണ് പി ജയരാജനെതിരെ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന ആവശ്യം ശക്തിപ്പെടുന്നത്. പി.ജെ ആര്‍മി ഈ ഘട്ടങ്ങളില്‍ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളില്‍ ജയരാജന് പിന്തുണയായി സജീവമായി നിലകൊണ്ടിരുന്നു.
അതെ സമയം സമൂഹ മാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് പി.ജയരാജനെ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമം നടത്തിയത് 'അമ്പാടിമുക്ക് സഖാക്കള്‍' എന്നറിയപ്പെടുന്ന ഒരു വിഭാഗമാണെന്നാണ് അന്വേഷണ കമ്മീഷന്‍റെ കണ്ടെത്തല്‍. കണ്ണൂര്‍ തളാപ്പ് കേന്ദ്രീകരിച്ച് സംഘപരിവാര്‍ സംഘടനകളില്‍ നിന്നും സിപിഎമ്മിലേക്ക് ചേക്കേറിയവരാണ് ഇത്തരത്തില്‍ പ്രചരണം നടത്തുന്നതിന് പിന്നില്‍ എന്നും എന്‍ ധീരജ് കുമാര്‍ എന്നയാളാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതെന്നും അന്വേഷണ കമ്മീഷന്‍ പറയുന്നു. ഇയാളെ പിന്നീട് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.