രോഗി മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത് നാലു ദിവസത്തിന് ശേഷം; വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ഗുരുതര വീഴ്ച

സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ജില്ലാ മെഡിക്കൽ ഓഫീസറോട് റിപ്പോർട്ട് തേടി.

Update: 2021-08-15 10:41 GMT
Advertising

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ഗുരുതര വീഴ്ച. ഐ.സി.യുവിൽ പ്രവേശിപ്പിച്ച രോഗി മരിച്ചവിവരം അറിഞ്ഞത് നാലുദിവസത്തിന് ശേഷമാണെന്ന് ബന്ധുക്കള്‍.  ചെങ്ങന്നൂർ പെരിങ്ങാല സ്വദേശി തങ്കപ്പന്‍റെ മരണത്തിലാണ് ബന്ധുക്കളുടെ പരാതി. 

ഈ മാസം ഏഴിനാണ് തങ്കപ്പൻ, ഭാര്യ ചന്ദ്രികയോടൊപ്പം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയത്. ഭാര്യയ്ക്ക് കൂട്ടിരിക്കാനെത്തിയ തങ്കപ്പന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ആരോഗ്യനില വഷളായതിനാല്‍ അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ഒരു വിവരവും ബന്ധുക്കൾക്ക് ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.

ഐ.സി.യുവിലെത്തി നേരിട്ട് അന്വേഷിച്ചപ്പോഴാണ് നാലുദിവസം മുൻപ് മരണം സംഭവിച്ചതായും മോർച്ചറിയിലേയ്ക്ക് മാറ്റിയതായും അറിഞ്ഞതെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ജില്ലാ മെഡിക്കൽ ഓഫീസറോട് റിപ്പോർട്ട് തേടി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും ഗുരുതരമായാണ് ഈ വിഷയത്തെ കാണുന്നതെന്നും മന്ത്രി പറഞ്ഞു.

സമാനമായ ആരോപണം ഇന്നലെയും ആലപ്പുഴ മെഡിക്കൽ കോളജിനെതിരെ ഉയർന്നിരുന്നു. ഹരിപ്പാട് സ്വദേശി ദേവദാസിന്‍റെ മരണം അറിയിക്കാൻ രണ്ടുദിവസം കഴിഞ്ഞെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News