മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; ഒരാളുടെ നില ഗുരുതരം

അപകടത്തിൽപ്പെട്ട ആറ് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി.

Update: 2023-07-29 06:33 GMT
Editor : anjala | By : Web Desk

മുതലപ്പൊഴി

Advertising

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. അപകടത്തിൽപ്പെട്ട ആറ് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. സാരമായി പരിക്കേറ്റ ബാബു, ക്രിസ്റ്റിദാസ് എന്നിവരെ ആ​ദ്യം ചിറയിൻകീഴ് താലൂക്ക് ആശുപത്രി പ്രവേശിപ്പിച്ചത്. ക്രിസ്റ്റിദാസിന്റെ നില ​ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോസ്റ്റ് ഗാർഡും മത്സ്യത്തൊഴിലാളികളും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഇവരെ രക്ഷിക്കാനായത്.

മുതലപ്പൊഴിയിലെ മണൽനീക്കൽ അദാനി ഗ്രൂപ്പിനെയാണ് സർക്കാർ ചുമതല പെടുത്തിയിരിക്കുന്നത്. മൂന്ന് മാസത്തിലൊരിക്കൽ മണൽ നീക്കണമെന്ന വ്യവസ്ഥ നടപ്പായില്ല. രണ്ട് ജെ.സി.ബി ഉപയോഗിച്ച് മൺസൂണിന് മുമ്പ് മണൽ നീക്കിയതു കൊണ്ട് ആഴമുറപ്പാക്കാനും കഴിഞ്ഞില്ല. ഇതാണ് ഈ മാസം അപകടം കൂട്ടിയതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ മുതലപ്പൊഴി അപകടങ്ങളുടെ ആവർത്തനമാകും.

കേരളത്തിൽ മത്സ്യബന്ധന ബോട്ടുകൾ ഏറ്റവും കൂടുതൽ അപകടത്തിൽ പെടുന്നത് തിരുവനന്തപുരം മുതലപ്പൊഴിയിലാണ്. ജൂണിൽ ഒരാഴ്ചക്കിടെ ആറ് അപകടങ്ങളാണ് മുതലപ്പൊഴിയിൽ നടന്നത്. കടലിൽ മണൽ കുമിഞ്ഞു കൂടിയതും അശാസ്ത്രീയമായ പുലിമുട്ട് നിർമാണവുമാണ് അപകടത്തിന് കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. മുതലപ്പൊഴിയിൽ ഇതാദ്യമായല്ല ഇത്തരത്തിലുള്ള അപടങ്ങളുണ്ടാവുന്നത്. ഒരു ഘട്ടത്തിൽ മുതലപ്പൊഴി മരണപ്പൊഴി എന്ന് വരെ വിളിക്കപ്പെട്ടിരുന്നു. അശാസ്ത്രീയമായ പുലിമുട്ട് നിർമാണം ചൂണ്ടിക്കാട്ടി നാട്ടുകാർ നിരവധി തവണ പ്രതിഷേധം സംഘടിപ്പിച്ചിട്ടും ഫലം കണ്ടില്ല. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News