ഐഎൻഎൽ കാസിം ഇരിക്കൂർ വിഭാഗം; സംസ്ഥാന പ്രസിഡന്റ്- അഹമ്മദ് ദേവർകോവിൽ, ജനറൽ സെക്രട്ടറി- കാസിം ഇരിക്കൂർ
കാസിം ഇരിക്കൂറിനെ പുറത്താക്കി നാസർകോയ തങ്ങളെ ജനറൽ സെക്രട്ടറിയാക്കിയാണ് വഹാബ് പക്ഷം താത്കാലിക കമ്മിറ്റി രൂപവത്കരിച്ചത്.
ഐഎൻഎൽ കാസിം ഇരിക്കൂർ വിഭാഗം സംസ്ഥാന പ്രസിഡന്റായി അഹമ്മദ് ദേവർകോവിലിനെയും ജനറൽ സെക്രട്ടറിയായി കാസിം ഇരിക്കൂറിനെയും തെരഞ്ഞെടുത്തു. ട്രഷർ ബി. ഹംസാഹാജി. കോഴിക്കോട് ചേർന്ന കൗൺസിലാണ് സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തത്. മെമ്പർഷിപ്പ് കാംപെയ്ൻ 6 മാസം കൂടി തുടരും. സംസ്ഥാന സമ്മേളനം ഡിസംബറിൽ നടത്തും.
അതേസമയം, കാസിം ഇരിക്കൂറിനെ പുറത്താക്കി നാസർകോയ തങ്ങളെ ജനറൽ സെക്രട്ടറിയാക്കിയാണ് വഹാബ് പക്ഷം താത്കാലിക കമ്മിറ്റി രൂപവത്കരിച്ചത്. അടുത്ത മൂന്നു വർഷത്തേക്കുള്ളതാണ് പുതുതായി നിലവിൽ വരുന്ന കമ്മിറ്റികൾ. കാസിം വിഭാഗം ജൂലൈ മുതൽ തന്നെ മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചിരുന്നുവെങ്കിലും വഹാബ് പക്ഷം വളരെ പെട്ടെന്നാണ് മെമ്പർഷിപ്പ് നടപടികൾ ആരംഭിച്ച് പൂർത്തിയാക്കിയത്. കോഴിക്കോട് മുതലക്കുളത്ത് സംസ്ഥാന പ്രതിനിധി സമ്മേളനവും സംഘടിപ്പിച്ചിരുന്നു.
അതിനിടെ, ഐ എൻ എൽ സംസ്ഥാന കമ്മിറ്റിയുടെ പേരും കൊടിയും ഉപയോഗിക്കുന്നത് സംബന്ധിച്ച തർക്കം തുടരുകയാണ്. ഇവ ഉപയോഗിക്കുന്നതിൽ നിന്ന് വഹാബ് പക്ഷത്തെ വിലക്കുന്നതിന് കാസിം വിഭാഗം കോഴിക്കോട് സബ് കോടതിയെ സമീപിച്ചിട്ടുണ്ട്.