കണ്ണൂരിൽ നിന്ന് കൂടുതൽ രാജ്യാന്തര സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്
റാസൽഖൈമയിലേക്കും ദമ്മാമിലേക്കും സർവീസ് തുടങ്ങി
കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ടിൽ നിന്ന് കൂടുതൽ രാജ്യാന്തര സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്. യു.എ.ഇയിലെ റാസൽഖൈമ എയർപോർട്ടിലേക്ക് ഇന്ന് മുതൽ പുതിയ സർവീസ് തുടങ്ങി. ആഴ്ചയിൽ മൂന്ന് സർവീസുകളാണ് തുടക്കത്തിലുള്ളത്.
ചൊവ്വ,ബുധൻ വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. റാസൽഖൈമയിലേക്കുള്ള ആദ്യ വിമാന സർവീസിലെ യാത്രക്കാരിയെ കിയാൽ മാനേജിങ് ഡയറക്ടർ ദിനേശ് കുമാർ ബോർഡിങ് പാസ് നൽകി സ്വീകരിച്ചു. വിമാന കമ്പനി അധികൃതരും കിയാൽ അധികൃതരും ചേർന്ന് യാത്രകാർക്ക് മധുരം നൽകി യാത്രാ മംഗളങ്ങൾ നേർന്നു.
റാസൽഖൈമയിലേക്കുള്ള കണക്ടിവി വടക്കൻ മലബാർ മേഖലയിലെ പ്രവാസികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ആദ്യ വിമാനത്തിൽ 186 യാത്രക്കാരുണ്ടായിരുന്നു.
സൗദി അറേബ്യയിലെ ദമ്മാം എയർപോർട്ടിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് പുതുതായി കണ്ണൂരിൽ നിന്ന് സർവീസ് നടത്തുന്നുണ്ട്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി ആഴ്ചയിൽ മൂന്ന് സർവീസുകളാണുള്ളത്. ഇത് കൂടാതെ അബൂദബിയിലേക്കും മസ്കത്തിലേക്കും സർവീസുകൾ കൂട്ടിയിട്ടുണ്ട്.
ഏറ്റവും ആധുനികവും പുതിയതുമായ ബോയിങ് 737 മാക്സ് വിമാനങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസ് പുതിയ സർവീസുകൾക്കായി ഉപയോഗിക്കുന്നത്.കിയാലുമായി ഉണ്ടാക്കിയ കരാർ പ്രകാരം കൂടുതൽ എയർപോർട്ടുകളിലേക്ക് കണ്ണൂരിൽ നിന്ന് സർവീസ് തുടങ്ങാൻ എയർ ഇന്ത്യക്ക് പദ്ധതിയുണ്ട്.