ഫാഷിസം ഇനി ലക്ഷദ്വീപ് ജനത സഹിക്കില്ല: കരിദിനം ആചരിച്ച് ഐഷ സുല്‍ത്താന
ഇന്ന് ലക്ഷദ്വീപ് സ്വദേശികൾക്ക് കറുത്ത ദിനമാണെന്ന് ഐഷ സുല്‍ത്താന
അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിന്‍റെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെതിരെ കരിദിനം ആചരിക്കുകയാണ് ദ്വീപ് നിവാസികള്‍. കരിദിനാചരണത്തില്‍ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയും പങ്കാളിയായി. ഇനി ലക്ഷദ്വീപിലെ ജനങ്ങള്‍ ഫാഷിസത്തെ സഹിക്കില്ലെന്നും ഏകാധിപത്യ നയങ്ങള്‍ക്കെതിരെ നിലകൊള്ളുമെന്നും ഐഷ സുല്‍ത്താന ഫേസ് ബുക്കില്‍ കുറിച്ചു.
"ഇനി ഞങ്ങൾ ലക്ഷദ്വീപിലെ ജനങ്ങൾ ഫാഷിസത്തെ സഹിക്കില്ല. ഏകാധിപത്യ നയങ്ങൾക്കെതിരെ ഞങ്ങൾ നിലകൊള്ളും. ലക്ഷദ്വീപിലെ ഈ അവസ്ഥയെ ഞങ്ങൾ അതിജീവിക്കും. വിവേചനത്തിന് ഫാഷിസം ശ്രമിക്കുന്നിടത്തോളം കാലം എന്റെ ശബ്ദം ഒരിക്കലും നിശബ്ദമാകില്ല. ഇന്ന് ലക്ഷദ്വീപ് സ്വദേശികൾക്ക് കറുത്ത ദിനമാണ്. അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ ലക്ഷദ്വീപ് സന്ദര്‍ശത്തിനെതിരെ ഞങ്ങൾ പ്രതിഷേധിക്കുന്നു".
ആഘോഷ പൂര്‍വം അഡ്മിനിസ്ട്രേറ്റര്‍മാരെ വരവേറ്റിരുന്ന ദ്വീപിലെ ജനങ്ങള്‍ ഇന്ന് കരിദിനമാചരിച്ചാണ് പ്രഫുല്‍ പട്ടേലിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നത്. വീടുകളിലാണ് കരിദിനാചരണം. വീടുകള്‍ തോറും കരിങ്കൊടി ഉയര്‍ന്നു. കറുത്ത ബാഡ്ജും മാസ്കും ധരിച്ചു. പ്രഫുല്‍ പട്ടേലിന്‍റെ പരിപാടികളില്‍ പൊതുജനങ്ങളോ ജനപ്രതിനിധികളോ പങ്കെടുക്കരുതെന്ന് സേവ് ലക്ഷദ്വീപ് ഫോറം ആവശ്യപ്പെട്ടു.
അതിനിടെ രാജ്യദ്രോഹക്കേസില്‍ സംവിധായിക ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തനിക്കെതിരായ രാജ്യദ്രോഹക്കേസ് നിലനില്‍ക്കില്ലെന്ന് ഐഷാ സുല്‍ത്താന കോടതിയെ അറിയിച്ചു. തന്റെ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. ടിവി ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ബോധപൂര്‍വ്വമായിരുന്നില്ല. സമൂഹ മാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞതാണെന്നും ഐഷാ സുല്‍ത്താന മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
No longer will we, the people of Lakshadweep tolerate fascism. We will stand against totalitarian policies, and we will...
Posted by Aisha Sultana on Sunday, June 13, 2021