'പറ്റിയ പാർട്ടിയിലേക്കാണ് അൻവർ പോയത്, കേരളത്തിൽ പുല്ല് വിലയായിരിക്കും': പരിഹാസവുമായി എ.കെ ബാലൻ
'അൻവറിൻ്റേത് രാഷ്ട്രീയ ആത്മഹത്യയാണ്'
പാലക്കാട്: പി.വി അൻവറിൻ്റെ തൃണമൂൽ കോൺഗ്രസ് പ്രവേശനത്തിൽ പരിഹാസവുമായി മുതിർന്ന സിപിഎം നേതാവ് എ.കെ ബാലൻ. അൻവറിൻ്റേത് രാഷ്ട്രീയ ആത്മഹത്യയാണ്, കേരളത്തിൽ പുല്ല് വിലയായിരിക്കുമെന്നും എ.കെ ബാലൻ പറഞ്ഞു.
'അൻവറിൻ്റേത് നിലമ്പൂരിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കോൺഗ്രസിനും ലീഗിനും ബിജെപിക്കും വേണ്ടാത്തതിനാൽ തൃണമൂലിൽ പോയി ചേർന്നു. പറ്റിയ പാർട്ടിയിലേക്കാണ് അൻവർ പോയത്. രാഷ്ട്രീയമായ ആത്മഹത്യയാണ് അൻവറിൻ്റേതെ'ന്നും എ.കെ ബാലൻ കൂട്ടിച്ചേർത്തു.
'അൻവറിൻ്റെ ആരോപണങ്ങൾ അന്വേഷിക്കാൻ മൂന്ന് കമ്മീഷനെയാണ് മുഖ്യമന്ത്രി നിയമിച്ചത്. എന്നിട്ടും എന്തിനാണ് അൻവർ രാഷ്ട്രീയ ആത്മഹത്യയിലേക്ക് പോകുന്നതെന്ന് അറിയില്ല. കേരളത്തിൽ പുല്ല് വിലയായിരിക്കും അൻവറിനും തൃണമൂലിനുമുണ്ടാവുക'യെന്നും എ.കെ ബാലൻ പറഞ്ഞു.
ഇന്ന് രാവിലെയാണ് പി.വി അൻവർ നിലമ്പൂര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചത്. തൃണമൂൽ കോൺഗ്രസിൽ ചേരുമ്പോൾ അയോഗ്യത വരുന്നത് തടയാനാണ് രാജി. നിലമ്പൂരില്‍ മത്സരിക്കില്ലെന്നും അന്‍വര്‍ വ്യക്തമാക്കി. നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കും. പിണാറിയിസത്തിന് എതിരായ അവസാനത്തെ ആണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.