പത്തനംതിട്ട പോക്സോ കേസ്; ഇതുവരെ അറസ്റ്റിലായത് 39 പേര്‍
ഇന്ന് മാത്രം പത്ത് പേരെയാണ് കസ്റ്റഡിയിലെടുത്തത്
പത്തനംതിട്ട: പത്തനംതിട്ട പീഡനക്കേസിൽ അറസ്റ്റിലായവർ 39 ആയി. ഇന്ന് മാത്രം പത്ത് പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നു തന്നെ ബാക്കി പ്രതികളെ കൂടി കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 4 ദിവസത്തിനിടെ 39 പ്രതികളെയാണ് ഇതുവരെ പൊലീസ് പിടികൂടിയത്. ഇലവുംതിട്ട, പത്തനംതിട്ട സ്റ്റേഷനുകൾക്ക് പുറമേ പന്തളം, മലയാലപ്പുഴ സ്റ്റേഷനുകളിലും കേസുകൾ രജിസ്റ്റർ ചെയ്തു. 10 ലധികം പ്രതികളെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇന്ന് മാത്രം പിടികൂടിയത്. കേസിന്‍റെ ചുമതലയുള്ള ഡി ഐ ജി അജിതാ ബീഗം അന്വേഷണ ചുമതല വിലയിരുത്താനായി. ഇന്നോ നാളെയോ ജില്ലയിൽ എത്തിയേക്കും. പ്രതികളിൽ ചിലർ വിദേശത്താണെന്നും ഇവരെ പിടികൂടാനായി ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. അതിനിടെ കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്ന ആവശ്യവുമായി കൊടിക്കുന്നിൽ സുരേഷ് എംപി രംഗത്തെത്തി.