നെയ്യാറ്റിൻകരയിൽ മരിച്ച ഗോപൻ സ്വാമിയുടെ കല്ലറ ഇന്ന് തന്നെ പരിശോധിക്കും
കല്ലറ പൊളിക്കാനുള്ള ഉത്തരവിറങ്ങി
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മരിച്ച ഗോപൻ സ്വാമിയുടെ കല്ലറ ഇന്ന് തന്നെ പരിശോധിക്കും. കല്ലറ പൊളിക്കാനുള്ള ഉത്തരവിറങ്ങി. ഡോക്ടർമാരും ഫോറൻസിക് സംഘവും സ്ഥലത്ത് എത്തി. ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. ഗോപൻ സ്വാമി സമാധി ആയതാണെന്നും കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്നും കുടുംബം പ്രതികരിച്ചു.
പീഠത്തിൽ ഇരുന്ന് ഗോപൻ സ്വാമി സമാധി ആയതാണെന്ന് ഭാര്യ സുലോചന മീഡിയവണിനോട് പറഞ്ഞു. കല്ലറ പൊളിക്കാൻ സമ്മതിക്കില്ല . ജീവൻ ഉള്ളടത്തോളം കാലം സമാധിപീഠം പൊളിക്കാൻ അനുവദിക്കില്ല. തന്നെ കല്യാണം കഴിക്കുന്നതിനു മുൻപേ പീഠത്തിൽ ഇരുന്ന് സമാധി ആകുമെന്ന് പറഞ്ഞിരുന്നുവെന്നു അവര്‍ വ്യക്തമാക്കി.
തങ്ങളുടെ ബന്ധുക്കളാരും പൊലീസിൽ പരാതി കൊടുത്തിട്ടില്ലെന്നും ബന്ധുക്കൾ പരാതി കൊടുത്തു എന്ന് പറയുന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണെന്നും ഗോപന്‍ സ്വാമിയുടെ മകന്‍ സനന്ദന്‍ ചോദിച്ചു. ക്ഷേത്രം പൂട്ടിക്കുമെന്ന് ചില ആളുകൾ പറഞ്ഞു. വിവാദങ്ങൾക്ക് പിന്നിൽ അവരാണ് . ഹൈന്ദവ ആചാരപ്രകാരമാണ് സമാധി ഇരുത്തിയത്. സമാധിപീഠം പൊളിക്കാൻ അനുവദിക്കില്ല. അച്ഛന്‍റെ കർമ്മമാണ് മക്കൾ നടത്തിയത്. സമാധി ആയതുകൊണ്ട് കല്ലറ പൊളിക്കാൻ അനുവദിക്കില്ല . സ്കാനർ ടൂളുകൾ ഉപയോഗിച്ച് ആവശ്യമെങ്കിൽ പരിശോധിച്ചോട്ടെ. സമാധി എന്ന് പറയുന്നതിനെക്കുറിച്ച് പലർക്കും അറിയില്ലെന്നും സനന്ദന്‍ കൂട്ടിച്ചേര്‍ത്തു.