എ.കെ.ജി സെന്റർ ആക്രമണം; അന്വേഷണ നേതൃത്വം ക്രൈം ബ്രാഞ്ച് എസ്പി എസ് മധുസൂദനന്
1500ഓളം വാഹനങ്ങളും 500ഓളം രേഖകളും പരിശോധിച്ചിട്ടും ഒരു തുമ്പും ഉണ്ടായിട്ടില്ല
തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണം അന്വേഷിക്കാനുള്ള ക്രൈംബ്രാഞ്ച് സംഘമായി. ക്രൈം ബ്രാഞ്ച് എസ്പി എസ് മധുസൂദനനാണ് അന്വേഷണ നേതൃത്വം. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനാണ്. കറ്റോൻമെന്റ് അസി.കമ്മിഷണർ വി.എസ് ദിനരാജും സംഘത്തിലുണ്ട്. സംഭവത്തിൽ ഐ.പി.സി 436, എക്‌സ്‌പ്ലോസീവ് ആക്ടിലെ 3 ( A ) യും ചുമത്തി ക്രൈം ബ്രാഞ്ച് കുറ്റപത്രം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജൂണ്‍ 30ന് രാത്രി 11.24നാണ് സിപിഎം ആസ്ഥാനമായ എകെജി സെന്ററിലേക്ക് ആക്രമണം നടന്നത്. 1500ഓളം വാഹനങ്ങളും 500ഓളം രേഖകളും പരിശോധിച്ചിട്ടും ഒരു തുമ്പും ഉണ്ടായിട്ടില്ല. ഇതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുന്നത്. ഇതിന് മുമ്പ് തിരുവനന്തപുരത്തെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. കേസിൽ ഇതുവരെ 1300 റോളം ഡിയോ ബൈക്കുകളും നാന്നൂറോളം കോൾ റെക്കോഡുകളുമാണ് പൊലീസ് പരിശോധിച്ചത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ ഇതുമായി ബന്ധപ്പെട്ട് ദിവസവും അവലോകനയോഗവും വിളിക്കുന്നുണ്ട്.
ആക്രമണവുമായി ബന്ധപ്പെട്ട് സ്‌ഫോടക വസ്തു എറിഞ്ഞ ആളെ കണ്ടെന്ന് ചെങ്കൽചൂള സ്വദേശി മൊഴി നൽകിയിരുന്നു. കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ആളാണ് അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. എന്നാൽ ആദ്യം ചോദ്യം ചെയ്തപ്പോൾ ആരെയും കണ്ടില്ലെന്നാണ് പൊലീസിനോട് ഇയാൾ പറഞ്ഞിരുന്നത്. ജോലി ചെയ്യുന്ന തട്ടുകടയിലേക്ക് വെള്ളമെടുക്കാൻ എത്തിയപ്പോഴാണ് ഡിയോ സ്‌കൂട്ടറിൽ ഒരാൾ എ കെജി സെൻറർ ഭാഗത്തേക്ക് പോയതും തിരികെ അതിവേഗത്തിൽ മടങ്ങുന്നതും കണ്ടത്. എന്നാൽ വീട്ടുകാർ പറഞ്ഞതുകൊണ്ടാണ് ആദ്യ ചോദ്യം ചെയ്യലിൽ ഇക്കാര്യം പറയാത്തതെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. മൊഴി വിശ്വസ്യയോഗ്യമെന്നാണ് പൊലീസ് വിശദീകരണം.