'കാപ്പ'യിട്ട് പൂട്ടി; ആകാശ് തില്ലങ്കേരി അറസ്റ്റില്‍
ഷുഹൈബ് വധക്കേസിലും തില്ലങ്കേരിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിനീഷ് വധക്കേസിലും പ്രതിയാണ് ആകാശ് തില്ലങ്കേരി.
ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. മുഴക്കുന്ന് പൊലീസാണ് ആകാശിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഷുഹൈബ് വധക്കേസിലും തില്ലങ്കേരിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിനീഷ് വധക്കേസിലും പ്രതിയാണ് ആകാശ് തില്ലങ്കേരി. ആകാശിന്റെ സുഹൃത്ത് ജിജോ തില്ലങ്കേരിയെയും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.
കഴിഞ്ഞ നാല് വർഷത്തെ കേസുകൾ പരിശോധിച്ച ശേഷം സമൂഹത്തിന് ഭീഷണിയുയര്‍ത്തുന്നുവെന്ന് കാരണം കാട്ടിയാണ് ആകാശ് തില്ലങ്കേരിയെ ഗുണ്ടാനിയമം ചുമത്തി അറസ്റ്റ് ചെയ്തതിരിക്കുന്നത്. കാപ്പ നിയമ വകുപ്പ് മൂന്ന് പ്രകാരമാണ് അറസ്റ്റ്. ജില്ലാ കലക്ടർ പുറത്തിറക്കിയ ഉത്തരവില്‍ ആറ് മാസം തടവിനും നിര്‍ദേശമുണ്ട്.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിലെ സി.പി.എം നേതാക്കളുടെ പങ്കിനെ സൂചിപ്പിക്കുന്ന ആകാശിന്‍റെയും കൂട്ടാളികളുടേയും വെളിപ്പെടുത്തൽ പാർട്ടിയെ വലിയ തരത്തില്‍ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡി.വൈ.എഫ്.ഐ നേതാവിനെതിരെ മോശം പരാമർശനത്തിന് ആകാശിനെതിരെ കേസെടുത്തത്.
ഡി.വൈ.എഫ്.ഐയുടെ വനിതാ നേതാവിനെ അപമാനിച്ച കേസിൽ അടുത്തിടെയാണ് ആകാശ് തില്ലങ്കേരിക്ക് ജാമ്യം ലഭിച്ചത്. സോഷ്യൽ മീഡിയ വഴി വനിതാ നേതാവിനെ അപമാനിച്ചു എന്ന പരാതിയിലാണ് ആകാശിനും കൂട്ടാളികൾക്കുമെതിരെ കേസെടുത്തിരുന്നത്. ഇതിനിടെ ആകാശിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഡി.വൈ.എഫ്.ഐ നേതൃത്വവുമെല്ലാം രംഗത്ത് വന്നിരുന്നു.