''ചാവേറുകളെ ഉപയോഗിച്ച് നടത്തിയ മിന്നലാക്രമണം; എ.കെ.ജി സെന്ററിനെ ലക്ഷ്യമിടുന്നത് മൂന്നാം തവണ''; പ്രതികരണവുമായി സി.പി.എം
''1983 ഒക്ടോബറിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം നടക്കുന്നതിനിടെയാണ് കോൺഗ്രസ് പ്രവർത്തകർ എ.കെ.ജി സെന്റർ ആക്രമിച്ചത്. പാളയത്തെ എം.എൽ.എ ക്വാർട്ടേഴ്സിൽനിന്ന് പ്രകടനമായെത്തിയ കോൺഗ്രസ് പ്രവർത്തകരായിരുന്നു അന്ന് ബോംബെറിഞ്ഞത്.''
തിരുവനന്തപുരം: എ.കെ.ജി സെന്ററിനുനേരെ കഴിഞ്ഞ ദിവസം നടന്ന ബോംബാക്രമണത്തിൽ പ്രതികരണവുമായി സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി. ഇതാദ്യമായല്ല എ.കെ.ജി സെന്ററിനുനേരെ ആക്രമണം നടക്കുന്നതെന്ന് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി. ഇതുവരെ മൂന്ന് തവണ ആക്രമണം നടന്നു. അതിൽ രണ്ടു തവണയും ബോംബാക്രമണമായിരുന്നുവെന്നും ചാവേറുകളെ ഉപയോഗിച്ച് നടത്തിയ മിന്നലാക്രമണമാണ് ഇപ്പോൾ നടന്നിരിക്കുന്നതെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടി.
''സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിന് നേരെ രാഷ്ട്രീയ എതിരാളികളുടെ അതിക്രമം ഇത് മൂന്നാംതവണ. ഒരിക്കൽ കോൺഗ്രസ് നേരിട്ടായിരുന്നു അക്രമം നടത്തിയതെങ്കിൽ പിന്നീട് കോൺഗ്രസ് ആശീർവാദത്തോടെ പൊലീസിനെ ഉപയോഗിച്ചും അതിക്രമമുണ്ടായി. 1983 ഒക്ടോബറിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം നടക്കുന്നതിനിടെയാണ് കോൺഗ്രസ് പ്രവർത്തകർ എ.കെ.ജി സെന്റർ ആക്രമിച്ചത്. പാളയത്തെ എം.എൽ.എ ക്വാർട്ടേഴ്സിൽനിന്ന് പ്രകടനമായെത്തിയ കോൺഗ്രസ് പ്രവർത്തകരായിരുന്നു അന്ന് ബോംബെറിഞ്ഞത്.''-വാർത്താകുറിപ്പിൽ പറയുന്നു.
1991ൽ എ.കെ.ജി സെന്ററിന് മുന്നിൽ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചത് പൊലീസായിരുന്നു. പാർട്ടി നേതാക്കളെല്ലാം സെന്ററിനുള്ളിലുള്ളപ്പോൾ പൊലീസ് എ.കെ.ജി സെന്ററിന് നേരെ വെടിയുതിർത്തു. അക്രമത്തെ തള്ളിപ്പറയാൻ പോലും അന്ന് കോൺഗ്രസ് നേതൃത്വം തയ്യാറായില്ല. 1983ലെ ആക്രമണത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് വീണ്ടും ആക്രമണം നടന്നിരിക്കുന്നത്. പ്രകടനമായെത്തിവർക്ക് പകരം ചാവേറുകളെ ഉപയോഗിച്ച് നടത്തിയ മിന്നലാക്രമണം എന്നതുമാത്രമാണ് വ്യത്യാസമെന്നും വാർത്താകുറിപ്പിൽ ആരോപിച്ചു.
Summary: "This is the third attack targeting the AKG Center"; responds CPM Thiruvananthapuram district committee