'അഖിൽ സജീവൻ തട്ടിപ്പുകാരൻ': പി.ബി.ഹർഷകുമാർ
സി.ഐ.ടി.യു ലവി തുക മോഷ്ടിച്ച ആളാണ് അഖിൽ സജീവനെന്നും ഇതിനെതിരെ സംഘടന നൽകിയ പരാതിയിൽ നടപടികൾ തുടരുകയാണെന്നും ഹർഷകുമാർ പറഞ്ഞു
തിരുവനന്തപുരം: എൻ.എച്ച്.എം നിയമന തട്ടിപ്പ് കേസിലെ ആരോപണ വിധേയനായ അഖിൽ സജീവൻ തട്ടിപ്പുകാരനെന്ന് സി.ഐ.ടി.യു. അഖിൽ സജീവനെ കുറിച്ച് മാത്രമാണ് ആക്ഷേപമുള്ളതെന്നും അഖിൽ മാത്യു തെറ്റ് ചെയ്യുമെന്ന് കരുതുന്നില്ല. പോലീസ് പരിശോധിക്കട്ടെ എന്നും സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി.ഹർഷകുമാർ പറഞ്ഞു.
സി.ഐ.ടി.യു ലവി തുക മോഷ്ടിച്ച ആളാണ് അഖിൽ സജീവനെന്നും ഇതിനെതിരെ സംഘടന നൽകിയ പരാതിയിൽ നടപടികൾ തുടരുകയാണെന്നും ഹർഷകുമാർ പറഞ്ഞു.
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായ അഖിൽ മാത്യുവും ഇടനിലക്കാരനായ പത്തനംതിട്ട സി.ഐ.ടി.യു ജില്ലാ മുൻ ഓഫീസ് സെക്രട്ടറി അഖിൽ സജീവും പണം തട്ടിയെന്നാണ് പരാതി. മകന്റെ ഭാര്യയുടെ നിയമനത്തിന് വേണ്ടി പണം നൽകിയ മലപ്പുറം സ്വദേശി ഹരിദാസാണ് തട്ടിപ്പിന് ഇരയായത്.
ആയുഷ് മിഷന് കീഴിൽ മലപ്പുറം മെഡിക്കൽ ഓഫീസറായി ഹോമിയോ വിഭാഗത്തിൽ നിയമനം വാഗ്ദാനം ചെയ്താണ് ഇരുവരും പണം വാങ്ങിയത്. താത്കാലിക നിയമനത്തിന് 5 ലക്ഷവും സ്ഥിരപ്പെടുത്തുന്നതിന് 10 ലക്ഷവും ഉൾപ്പടെ 15 ലക്ഷമാണ് സംഘം ആവശ്യപ്പെട്ടത്. ഭരണം മാറും മുൻപ് നിയമനം സ്ഥിരപ്പെടുത്തുമെന്ന് ഉറപ്പും നൽകി.
തിരുവനന്തപുരത്തെ ആരോഗ്യ വകുപ്പ് ഓഫീസിന് സമീപത്ത് വെച്ച് അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപയും ഇടനിലക്കാരനായ അഖിൽ സജീവിന് 50000 രൂപ നേരിട്ടും 25000 രൂപ ബാങ്ക് മുഖേനയും നൽകിയെന്നാണ് പരാതിക്കാരന്റെ ആരോപണം. നിയമനത്തിന് ആരോഗ്യ വകുപ്പിൽ അപേക്ഷ നൽകിയപ്പോൾ അഖിൽ സജീവ് നിയമനം ഉറപ്പ് നൽകി തങ്ങളെ ഇങ്ങോട്ട് വന്ന് സമീപിക്കുകയായിരുന്നുവെന്ന് ആരോഗ്യ മന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. ആരോഗ്യ വകുപ്പിനും മന്ത്രിക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലന്നും ഹരിദാസ് പറയുന്നു.