ആലപ്പുഴ കുടിവെള്ള പദ്ധതി പൈപ്പ് പൊട്ടിയത് 68 തവണ; കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്
അമ്പലപ്പുഴ തിരുവല്ല പാതയിൽ തകഴി-കേളമംഗലം ഭാഗത്തെ ഒന്നര കിലോമീറ്ററിലാണ് തുടർച്ചയായി പൈപ്പ് പൊട്ടുന്നത്
ആലപ്പുഴ ശുദ്ധജല കുടിവെള്ള പദ്ധതിയുടെ പൈപ്പ് നിരന്തരം പൊട്ടുന്നതിനെതിരെ കോൺഗ്രസ് പ്രതിഷേധം. ഗുണനിരമില്ലാത്ത പൈപ്പ് മാറ്റി സ്ഥാപിക്കണമെന്നാണ് ആവശ്യം. പദ്ധതി ആരംഭിച്ച് ഇതുവരെ 68 തവണയാണ് പൈപ്പ് പൊട്ടി കുടിവെള്ള വിതരണം തടസപ്പെട്ടത്. അമ്പലപ്പുഴ തിരുവല്ല പാതയിൽ തകഴി-കേളമംഗലം ഭാഗത്തെ ഒന്നര കിലോമീറ്ററിലാണ് തുടർച്ചയായി പൈപ്പ് പൊട്ടുന്നത്.
ഇതുവരെ 68 തവണ കുടിവെള്ള വിതരണം മുടങ്ങിയിട്ടുണ്ട്. ഗുണനിലവാരമില്ലാത്തതാണ് പൈപ്പുകൾ നിരന്തരം പൊട്ടാൻ കാരണം എന്നാണ് ആരോപണം. ഈ ഭാഗത്തെ പൈപ്പുകൾ മാറ്റി സ്ഥാപിക്കുമെന്ന് ജലവിഭവ മന്ത്രി ഉൾപ്പെടെ അറിയിച്ചിരുന്നു. എന്നാൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. പൈപ്പ് മാറ്റാത്തതിന് പിന്നിൽ അഴിമതി ഉണ്ടെന്നാണ് കോണ്ഗ്രസ് ആരോപണം.
കോവിഡ് വ്യാപനം കുറയുന്നതോടെ പരസ്യ പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് കോൺഗ്രസ് തീരുമാനം. അതേസമയം തകഴിയിൽ പൈപ്പ് പൊട്ടിയ ഭാഗത്തെ അറ്റകുറ്റപ്പണി പുരോഗമിക്കുകയാണ്. ഇന്ന് വൈകിട്ടോടെ പമ്പിംഗ് പുനസ്ഥാപിക്കാൻ കഴിഞ്ഞേക്കുമെന്ന് ജല അതോറിറ്റി അറിയിച്ചു.