എസ്.ഡി.പി.ഐ നേതാവിന്റെ കൊലപാതകം: രണ്ട് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ
രതീഷ്, പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്, കൊലപാതകത്തിന്റെ മുഖ്യആസൂത്രകനാണ് പ്രസാദ്
എസ്.ഡി.പി.ഐ നേതാവ് ഷാനിന്റെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിൽ. അറസ്റ്റിലായ രണ്ടുപേരും സജീവ ആർ.എസ്.എസ് പ്രവർത്തകരാണെന്ന് പൊലീസ് അറിയിച്ചു. രതീഷ്, പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. പ്രദേശത്തെ കുറിച്ച് കൃത്യമായി അറിവുള്ള ആളാണ് കൊലപാതകത്തിന് നേതൃത്വം നൽകിയതെന്ന് പൊലീസ് നേരത്തെ തന്നെ സംശയിച്ചിരുന്നു. ഷാനിനെ ഏറെ നേരം പിന്തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചാണ് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുന്നത്. ഇതുകൊണ്ട് തന്നെ പ്രദേശത്തെ ആർ.എസ്.എസ് പൊലീസ് നേതാക്കളെ സംശയിച്ചിരുന്നു.
ലഭിക്കുന്ന സൂചനകൾ പ്രകാരം ഇന്നലെയാണ്ആർ.എസ്.എസ് ജില്ലാകാര്യാലായത്തിൽ നിന്നാണ് രതീഷിനെയും പ്രസാദിനെയും കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ നിന്നാണ് പ്രസാദാണ് കൊലപാതകത്തിന്റെ മുഖ്യആസൂത്രകനെന്ന് തെളിയുകയായിരുന്നു. പ്രതികൾക്ക് സഞ്ചരിക്കാനുള്ള കാർ വാടകക്ക് എടുത്തതും കൊലപാതകത്തിന് ആളെ കൂട്ടിയതും വഴി കാട്ടിയതുമെല്ലാം പ്രസാദാണെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ നിന്ന് കേസിലെ മറ്റ് എട്ടു പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. ഇവരുടെ അറസ്റ്റ് ഉടൻ തന്നെയുണ്ടാകും. കൊലപാതകത്തിൽ ബി.ജെ.പിയിലെ ഉന്നത നേതാക്കൾക്ക് ബന്ധമുണ്ടോ എന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.