'സ്ഥിരമായി മദ്യപിക്കുന്നവർക്ക് പെർമിറ്റ് ഏർപ്പെടുത്തണം'; മദ്യത്തിന് നികുതി കൂട്ടിയതിനെതിരെ മദ്യപരുടെ പ്രതിഷേധം
'മതത്തിനും രാഷ്ട്രീയത്തിനും ഉപരി, സർവകേരള മദ്യപരെ സംഘടിക്കുവിൻ, നഷ്ടപ്പെടുവാൻ ഇല്ലൊന്നും ദിവസക്കൂലി കാശല്ലാതെ' എന്നെഴുതിയ ബാനർ വലിച്ചുകെട്ടിയായിരുന്നു പ്രതിഷേധം.
നിലമ്പൂർ: ബജറ്റിൽ മദ്യത്തിന് സ്ഥിരമായി നികുതി വർധിപ്പിക്കുന്നതിനെതിരെ മലപ്പുറം നിലമ്പൂരിൽ മദ്യപരുടെ പ്രതിഷേധം. നികുതിദായകരോട് നീതി പുലർത്തണമെന്നാവശ്യപ്പെട്ടാണ് രണ്ടുപേർ പ്രതിഷേധിച്ചത്. 'മതത്തിനും രാഷ്ട്രീയത്തിനും ഉപരി, സർവകേരള മദ്യപരെ സംഘടിക്കുവിൻ, നഷ്ടപ്പെടുവാൻ ഇല്ലൊന്നും ദിവസക്കൂലി കാശല്ലാതെ...' എന്നെഴുതിയ ബാനർ വലിച്ചുകെട്ടിയായിരുന്നു പ്രതിഷേധം.
നികുതി പിൻവലിക്കണമെന്നായിരുന്നു ആദ്യം സംസാരിച്ച നിലമ്പൂർ സ്വദേശി ഉണ്ണികൃഷ്ണന്റെ ആവശ്യം. ബജറ്റിൽ മദ്യത്തിന് വില കൂട്ടിയാൽ സ്ഥിരമായി മദ്യപിക്കുന്നവർക്ക് പെർമിറ്റ് സംവിധാനം ഏർപ്പെടുത്തുന്നതും സർക്കാർ പരിഗണിക്കണമെന്നാണ് രണ്ടാമത് സംസാരിച്ച തിരുവമ്പാടി സ്വദേശി രാജൻ സർക്കാരിനോട് ആവശ്യപ്പെട്ടത്. പ്രതിഷേധത്തിൽ മറ്റാരും പങ്കെടുത്തില്ലെങ്കിലും കുറേയധികം പേർ തങ്ങൾക്കൊപ്പമുണ്ടെന്നാണ് ഉണ്ണിക്കൃഷ്ണന്റെയും രാജന്റെയും നിലപാട്.