'പദ്ധതികളിൽ നിന്ന് കമ്മീഷൻ ലഭിക്കാറുണ്ട്'; വെളിപ്പെടുത്തലുമായി പഞ്ചായത്ത് പ്രസിഡന്റ്
യു.ഡി.എഫ് ഭരിക്കുന്ന മലപ്പുറം ചോക്കാട് പഞ്ചായത്ത് പ്രസിഡന്റ് ചൂരപ്പിലാൻ ഷൗക്കത്തിന്റേതെന്ന പേരിലാണ് ശബ്ദസന്ദേശം പ്രചരിക്കുന്നത്
മലപ്പുറം: വിവിധ പദ്ധതികളിൽ നിന്ന് കമ്മീഷൻ ലഭിക്കാറുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ വെളിപ്പെടുത്തൽ. യു.ഡി.എഫ് ഭരിക്കുന്ന മലപ്പുറം ചോക്കാട് പഞ്ചായത്ത് പ്രസിഡന്റ് ചൂരപ്പിലാൻ ഷൗക്കത്തിന്റേതെന്ന പേരിലാണ് ശബ്ദസന്ദേശം പ്രചരിക്കുന്നത്. പദ്ധതികൾ നടപ്പാക്കുമ്പോൾ തനിക്ക് വലിയ തുക ലഭിക്കാറുണ്ടെന്നാണ് ഓഡിയോ സന്ദേശത്തിലെ ഉള്ളടക്കം.
പ്രസിഡൻറ് സ്ഥാനം ഒഴിയേണ്ടി വന്നാൽ വരുമാന മാർഗം ഇല്ലാതാകുമെന്ന ആശങ്കയാണ് ഓഡിയോ റെക്കോർഡിലെ ഉള്ളടക്കം. മുൻ പഞ്ചായത്ത് മെമ്പർകൂടിയായ ഭാര്യയുമായി ചോക്കാട് പഞ്ചായത്ത് പ്രസിഡന്റ് ചൂരപ്പിലാൻ ഷൗക്കത്ത് സംസാരിക്കുന്നുവെന്ന പേരിലാണ് ശബ്ദ സന്ദേശമായി സാമൂഹ്യമാധ്യമങ്ങളിൽ ഓഡിയോ റെക്കോർഡ് പ്രചരിക്കുന്നത്.
പ്രസിഡന്റ് സ്ഥാനം നിലനിർത്തി സാമ്പത്തിക ലാഭമുണ്ടാക്കാൻ കൂറുമാറുക മാത്രമേ വഴിയുള്ളൂവെന്നും ഓഡിയോയിലുണ്ട് . കോൺഗ്രസ് അംഗമായ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആരോപണം ഉയർന്നതോടെ ഡി.സി.സി അന്വേഷണ കമ്മീഷനെ നിശ്ചയിച്ചു .
മുൻ ധാരണ പ്രകാരം 6 മാസം കൂടിയാണ് ചോക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആയി ചൂരപ്പിലാൻ ഷൗക്കത്തിന് കാലാവധിയുള്ളത് . ശേഷം മുസ്ലിം ലീഗ് അംഗം പ്രസിഡെന്റാകും , എന്നാൽ അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ കാലാവധി പൂർത്തിയാവുന്നതിന് മുമ്പ് തന്നെ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെടാനും നടപടി സ്വീകരിക്കാനുമാണ് ജില്ലാ കോൺഗ്രസ് കമ്മറ്റി തീരുമാനം.