ആലപ്പുഴയിലെ വ്യാജ സർട്ടിഫിക്കറ്റ് ആരോപണം; പരിശോധിക്കുമെന്ന് ആർഷോ

നിഖിലിനോട് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ നിയമനടപടി നേരിടേണ്ടി വരുമെന്നും ആർഷോ പറഞ്ഞു.

Update: 2023-06-17 07:09 GMT
Editor : banuisahak | By : Web Desk
Advertising

ആലപ്പുഴ: ആലപ്പുഴ എസ്എഫ്ഐയിലെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ആരോപണം പരിശോധിക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായിരുന്ന നിഖിൽ തോമസിനെതിരെ ഉയർന്ന ആരോപണം സംബന്ധിച്ച് പരിശോധന നടത്തി വരികയാണെന്നും നടപടി സ്വീകരിക്കുമെന്നും ആർഷോ മാധ്യമങ്ങളോട് പറഞ്ഞു. 

"സർട്ടിഫിക്കറ്റിന്റെ ആധികാരികത സംബന്ധിച്ച് പരിശോധന നടത്തിവരികയാണ്. നിഖിലിനോട് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പറഞ്ഞിട്ടുണ്ട്. ലഭിച്ച വിവരങ്ങൾ അനുസരിച്ച് നിഖിലിന്റെ പക്കലുള്ളത് വ്യാജ സർട്ടിഫിക്കറ്റ് അല്ല. എംഎസ്എം കോളേജിൽ ബി.കോം പഠിച്ചുകൊണ്ടിരിക്കെ കോഴ്‌സ്‌ ക്യാൻസൽ ആക്കിയ ശേഷമാണ് കലിംഗ യൂണിവേഴ്‌സിറ്റിയിൽ രജിസ്റ്റർ ചെയ്‌തതെന്നാണ്‌ നിഖിൽ പറയുന്നത്. തുടർന്ന് സർട്ടിഫിക്കറ്റിന്റെ മുഴുവൻ വിവരങ്ങളും ലഭ്യമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ നിഖിൽ നിയമനടപടി നേരിടേണ്ടി വരും."; ആർഷോ പറഞ്ഞു. 

അതേസമയം, നിഖിൽ തോമസിന് കോളേജ് മാനേജ്മെന്റിന്റെ പിന്തുണയുണ്ടെന്നാണ് കെഎസ്‌യു ആരോപിക്കുന്നത്. വിവരാവകാശ നിയമപ്രകാരം കോളേജ് യൂണിയൻ വിഷയത്തിൽ ഇടപെട്ടിരുന്നു. എന്നാൽ കോളേജ് മാനേജ്മെന്റ് രേഖകൾ നൽകാൻ തയ്യാറായില്ലെന്നും കെഎസ്‌യു ജില്ലാ പ്രസിഡന്റ് എഡി തോമസ് പറഞ്ഞു. മറുപടി മനഃപൂർവം വൈകിപ്പിച്ചതിനെതിരെ നിയമപരമായി നീങ്ങുമെന്നും എഡി തോമസ് അറിയിച്ചു. 

കായംകുളം എംഎസ്എം കോളേജിൽ പ്രവേശനത്തിന് നിഖിൽ തോമസ് സമര്‍പ്പിച്ച ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമെന്നാണ് സംഘടനയിൽ പരാതി ഉയർന്നത്. 2018-2020 കാലഘട്ടത്തില്‍ എംഎസ്എം കോളജിൽ ബികോം പഠിച്ചെങ്കിലും പാസായിരുന്നില്ല. പിന്നീട് ഇതേ കോളജിൽ ചേർന്നപ്പോൾ 2019-2021 കാലത്ത് കലിംഗ സർവകലാശാലയിൽ പഠിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കുകായിരുന്നു. ഒരേ സമയത്ത് രണ്ടിടത്ത് എങ്ങനെ പഠിക്കാനാകുമെന്നാണ് പാർട്ടിക്ക് നൽകി പരായിൽ ചോദിക്കുന്നത്.

നിഖിലിന്റെ ജൂനിയർ ആയിരുന്ന ജില്ലാ കമ്മിറ്റി അംഗമാണ് ആരോപണം ഉന്നയിച്ചത്. നിലവിൽ എംഎസ്എം കോളേജിൽ എം.കോം രണ്ടാംവർഷ വിദ്യാർത്ഥിയാണ് നിഖിൽ. ആരോപണത്തിന്റെ അടിസ്ഥാനത്തിൽ നിഖിലിനെ കായംകുളം ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. ശേഷം ജില്ലാ കമ്മിറ്റിയിലും നിഖിലിനെതിരെ ആരോപണം ഉയർന്നു. ഇന്നലെ വിളിച്ചുചേർത്ത സിപിഎം ഫ്രാക്‌ഷനിൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ ജില്ലാ സെക്രട്ടറി നിഖിലിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, സർട്ടിഫിക്കറ്റുകൾ യൂണിവേഴ്സിറ്റിയിലാണെന്ന് പറഞ്ഞ് നിഖിൽ ഒഴിഞ്ഞുമാറി. ഇതോടെ ജില്ലാ കമ്മിറ്റിയിൽ നിന്നും നിഖിലിനെ മാറ്റുകയായിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വിഷയം പാര്‍ട്ടി തലത്തില്‍ വിശദമായി അന്വേഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News