"ആ പെണ്‍കുട്ടികളല്ല, എന്‍റെ സഹോദരനാണ് കൊലയ്ക്ക് പിന്നില്‍": വയനാട്ടില്‍ കൊല്ലപ്പെട്ട വൃദ്ധന്‍റെ ഭാര്യ
'പെണ്‍കുട്ടികള്‍ക്ക് കഴിയൂല്ല അങ്ങനെ കാലും കയ്യും വെട്ടിയിട്ട് ചാക്കില്‍ കെട്ടി കൊണ്ടിടാന്‍. എന്‍റെ ആങ്ങള ഒന്നര മാസം മുന്‍പ് ഇക്കാക്കയെ കണ്ടോളാമെന്ന് പറഞ്ഞിരുന്നു'
വയനാട് അമ്പലവയലിൽ വയോധികനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് പെണ്‍കുട്ടികളല്ലെന്ന് കൊല്ലപ്പെട്ട മുഹമ്മദിന്‍റെ ഭാര്യ സക്കീന. അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോഴാണ് മുഹമ്മദിനെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നാണ് പെണ്‍കുട്ടികളുടെ മൊഴി. എന്നാല്‍ തന്‍റെ സഹോദരനും മകനുമാണ് കൊലയ്ക്ക് പിന്നിലെന്ന് സക്കീന പറയുന്നു.
"എന്‍റെ ഇക്കാക്കയ്ക്ക് ഒരു കണ്ണിന്‍റെ കാഴ്ച പോയി, മറ്റേ കണ്ണിന് 10 ശതമാനമേ കാഴ്ചയുള്ളൂ. മെഡിക്കല്‍ കോളജില്‍ നാളെ പോകാനിരുന്നതാണ്. അങ്ങനത്തെ മനുഷ്യന്‍ ഒരു ഉപദ്രവം ചെയ്തെന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കൂല്ല. എന്‍റെ കാക്കയെ കൊന്നിട്ടുണ്ടെങ്കില്‍ അത് ആങ്ങളയും ആങ്ങളയുടെ മകനുമാണ്. പെണ്‍കുട്ടികള്‍ക്ക് കഴിയൂല്ല അങ്ങനെ കാലും കയ്യും വെട്ടിയിട്ട് ചാക്കില്‍ കെട്ടി കൊണ്ടിടാന്‍. എന്‍റെ ആങ്ങള ഒന്നര മാസം മുന്‍പ് ഇക്കാക്കയെ കണ്ടോളാമെന്ന് പറഞ്ഞിരുന്നു. കൊന്നിട്ട് ആങ്ങളയും ആങ്ങളയുടെ മകനും തടി രക്ഷപ്പെടുത്തിയതാണ്. എനിക്ക് നീതി കിട്ടണം"- സക്കീന മീഡിയവണിനോട് പറഞ്ഞു.
സക്കീന ആരോപണം ഉന്നയിച്ചയാളുടെ മുന്‍ ഭാര്യയും മക്കളുമാണ് കീഴടങ്ങിയത്. സക്കീന പറയുന്നത് തന്‍റെ സഹോദരനുവേണ്ടി മുന്‍ ഭാര്യയും മക്കളും കുറ്റം ഏല്‍ക്കുകയായിരുന്നുവെന്നാണ്. വാടക പോലും വാങ്ങാതെയാണ് സ്ത്രീയെയും കുട്ടികളെയും അവിടെ താമസിപ്പിച്ചിരുന്നത്. ഒരു കുടുബം പോലെയാണ് കഴിഞ്ഞിരുന്നത്. ഇവരെ സംരക്ഷിച്ചതുകൊണ്ട് അനിയന് മുഹമ്മദിനോട് വൈരാഗ്യമുണ്ടായിരുന്നുവെന്നും സക്കീന പറയുന്നു. അങ്ങനെയെങ്കില്‍ എന്തിന് അമ്മയും കുട്ടികളും കുറ്റസമ്മതം നടത്തിയെന്ന് വ്യക്തമല്ല. സക്കീനയുടെ ആരോപണവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. അമ്മയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് തടഞ്ഞപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും 68 വയസ്സുകാരനായ മുഹമ്മദും തമ്മിൽ ഉന്തും തള്ളും ഉണ്ടായെന്നാണ് മൊഴി. വീട്ടിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് പെൺകുട്ടികൾ മുഹമ്മദിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. മൃതദേഹം ചാക്കിൽ കെട്ടി വീടിനടുത്തുള്ള പൊട്ട കിണറ്റിൽ തള്ളിയ നിലയിലായിരുന്നു. കാൽ മുറിച്ചുമാറ്റി വീടിന് തൊട്ടടുത്തുള്ള മാലിന്യ പ്ലാന്‍റിന് സമീപവും ഉപേക്ഷിച്ചു. പിന്നീട് മൂന്ന് മണിയോടെ അമ്മയും പെൺകുട്ടികളും പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.