'ആനകളുടെ ഫിറ്റ്നസ് പരിശോധിക്കാനെത്തിയ ഹൈക്കോടതി വിദഗ്ധ സംഘത്തെ ഭീഷണിപ്പെടുത്തി'; പാറമേക്കാവ് ദേവസ്വത്തിനെതിരെ അമിക്കസ് ക്യൂറി

തൃശൂർ പൂരം നടത്തിപ്പിലും ആന എഴുന്നള്ളത്തിലും ഹൈക്കോടതി ഇടപെട്ടതിനെ രൂക്ഷമായാണ് പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് വിമർശിച്ചതെന്നാണ് അമിക്കസ് ക്യൂറി റിപ്പോർട്ടിലുള്ളത്

Update: 2024-04-23 02:05 GMT
Editor : Shaheer | By : Web Desk
Advertising

തൃശൂർ: പൂരം നടത്തിപ്പിൽ പാറമേക്കാവ് ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ അമിക്കസ് ക്യൂറി റിപ്പോർട്ട്. ആനകളുടെ ഫിറ്റ്നസ് പരിശോധിക്കാനെത്തിയ ഹൈക്കോടതി വിദഗ്ധ സംഘത്തെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് ഭീഷണിപ്പെടുത്തി. ആനകളുടെ അടുത്തുനിന്നു പാപ്പാന്മാരെ പിൻവലിച്ചതിനാൽ സംഘത്തിൻ്റെ ജീവനുതന്നെ ഭീഷണി ഉണ്ടായതായും അമിക്കസ് ക്യൂറി ടി.സി സുരേഷ് തയാറാക്കിയ റിപ്പോർട്ടിലുണ്ട്.

തൃശൂർ പൂരം നടത്തിപ്പിലും ആന എഴുന്നള്ളത്തിലും ഹൈക്കോടതി ഇടപെട്ടതിനെ രൂക്ഷമായാണ് പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് വിമർശിച്ചതെന്നാണ് അമിക്കസ് ക്യൂറി റിപ്പോർട്ടിലുള്ളത്. ഹൈക്കോടതിക്ക് ഏത് ഉത്തരവ് വേണമെങ്കിലും പാസാക്കാമെന്നും അത് അനുസരിക്കില്ലെന്നും ദേവസ്വം സെക്രട്ടറി യോഗത്തിൽ പറഞ്ഞു. ഭീഷണിയുടെ ശരീരഭാഷയിലാണ് പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് സംസാരിച്ചത്.

പാറമേക്കാവ് ദേവസ്വത്തിൻ്റെ ആനകളുടെ ഫിറ്റ്നസ് പരിശോധിക്കാൻ ഹൈക്കോടതി നിയോഗിച്ച സംഘം എത്തിയപ്പോൾ രാജേഷും ദേവസ്വത്തിലെ മറ്റ് ഭാരവാഹികളും അത് തടഞ്ഞുവെന്നും റിപ്പോർട്ടിലുണ്ട്. മൃഗസംരക്ഷണ വകുപ് ആനകളെ പരിശോധിച്ചതാണെന്നായിരുന്നു മറുപടി. പാറമേക്കാവ് ദേവസ്വത്തിൻ്റെ നിസ്സഹകരണംമൂലം ഭൂരിഭാഗം ആനകളെ പരിശോധിക്കാൻ കഴിഞ്ഞില്ലെന്നും പാപ്പാൻമാരെ പിൻവലിച്ചതിനാൽ സംഘത്തിൻ്റെ ജീവൻ തന്നെ ഭീഷണിയിലായിരുന്നുവെന്ന ഗുരുതര ആരോപണവും റിപ്പോർട്ടിലുണ്ട്.

മാത്രമല്ല വർക്ക് രജിസ്റ്ററും മൂവ്മെൻ്റ് രജിസ്റ്ററുമില്ലാതെയാണ് പൂരത്തിന് ആനകളെ കൊണ്ടുവന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പാറമേക്കാവിൻ്റ 40 ആനകളെയും തിരുവമ്പാടിയുടെ 44 ആനകളെയുമാണ് പരിശോധിച്ചത്. ഇതിൽ 28 ആനകളെ പരിമിതമായ സ്ഥലത്താണ് കെട്ടിയിട്ടതെന്നും റിപ്പോർട്ടിലുണ്ട്. അമിക്കസ് ക്യൂറി ടി.സി സുരേഷിൻ്റെ റിപ്പോർട്ട് ഹൈക്കോടതി ഉടൻ പരിശോധിച്ചേക്കും.

Full View

Summary: 'Secretary of Paramekkav Devaswom threatened the High Court expert team who came to check the fitness of the elephants'; Amicus curiae against Paramekkav Devaswom in Thrissur Pooram management

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News