ഡയറി ഫാമുകൾ അടച്ചുപൂട്ടിയതിന് പിന്നാലെ ലക്ഷദ്വീപിൽ അമൂൽ ഔട്ട്ലെറ്റിന് അനുമതി: ബഹിഷ്കരിക്കുമെന്ന് ദ്വീപ് നിവാസികൾ
കഴിഞ്ഞ ദിവസം അഡ്മിനിസ്ട്രേറ്റർ പുറത്തിറക്കിയ ഉത്തരവിൽ ദ്വീപിലെ എല്ലാ ഡയറി ഫാമുകളും അടച്ചുപൂട്ടണമെന്ന് പറഞ്ഞിരുന്നു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോദാഭായ് പട്ടേലിന്റെ സംഘ്പരിവാർ അജണ്ടകൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ കവരത്തിയിൽ അമുൽ ഔട്ട്ലെറ്റ് തുടങ്ങാൻ അനുമതി. ലക്ഷദ്വീപ് കോർപറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ സെക്രട്ടറി, അമുൽ എറണാകുളം ബ്രാഞ്ച് മാനേജർ എന്നിവർക്ക് അഡ്മിനിസ്ട്രേഷൻ കൈമാറിയ ഉത്തരവ് പുറത്ത് വന്നു.
കഴിഞ്ഞ ദിവസം അഡ്മിനിസ്ട്രേറ്റർ പുറത്തിറക്കിയ ഉത്തരവിൽ ദ്വീപിലെ എല്ലാ ഡയറി ഫാമുകളും അടച്ചുപൂട്ടണമെന്ന് പറഞ്ഞിരുന്നു. ഡയറിഫാമിലെ മൃഗങ്ങളെ ലേലം ചെയ്യാനും ഉത്തരവിൽ പറയുന്നു. ഇതിന് പിന്നാലെ അമുലിന് അനുമതി നൽകിയത് ദ്വീപ് നിവാസികളിൽ വലിയ പ്രതിഷേധം ഉയർത്തുന്നുണ്ട്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററിനെതിരെ രൂക്ഷ വിമർശനവുമായി സ്ഥലം എം.പി പി.പി. മുഹമ്മദ് ഫൈസൽ രംഗത്തെത്തിയിരുന്നു. ഡയറി ഫാമുകൾ പൂട്ടാനുള്ള അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ് വ്യക്തി താൽപര്യത്തിന് വേണ്ടിയാണെന്ന് മുഹമ്മദ് ഫൈസൽ പറഞ്ഞു. അമുൽ കമ്പനിക്ക് വേണ്ടിയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും എം.പി ആരോപിച്ചിരുന്നു.
യാത്രാ നിയന്ത്രണം നീക്കിയത് ദ്വീപിൽ രോഗം വ്യാപിക്കാൻ കാരണമായി. ഒരു വർഷം മുഴുവൻ ലക്ഷദ്വീപ് സുരക്ഷിത മേഖലയായിരുന്നു. കേസുകളില്ലാത്ത ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ ഗുണ്ടാ നിയമം നടപ്പാക്കിയെന്നും എം.പി പറഞ്ഞു.
ദ്വീപ് പഞ്ചായത്തിന്‍റെ പ്രവർത്തനങ്ങളിലും പ്രഫുൽ പട്ടേൽ വഴിവിട്ട് ഇടപെടുന്നു. വികസന അതോറിറ്റിക്ക് ദ്വീപിന്‍റെ പൂർണ അധികാരം നൽകാനുള്ള നീക്കം നിയമവിരുദ്ധമാണെന്നും മുഹമ്മദ് ഫൈസൽ മാധ്യമങ്ങളോട് പറഞ്ഞു.