എസ്.എഫ്.ഐ മുന്‍ ജില്ലാ സെക്രട്ടറിയുടെ ആരോപണം തള്ളി ആനാവൂർ നാഗപ്പൻ
ആനാവൂർ നാഗപ്പന്റെ നിർദേശപ്രകാരം എസ്.എഫ്.ഐ നേതാവാകാൻ യഥാർഥ പ്രായം ഒളിപ്പിച്ചുവച്ചെന്നായിരുന്നു അഭിജിത്തിന്റെ ആരോപണം.
തിരുവനന്തപുരം: എസ്.എഫ്.ഐ മുന്‍ ജില്ലാ സെക്രട്ടറി ജെ.ജെ അഭിജിത്ത് ഉന്നയിച്ച ആരോപണം തള്ളി സി.പി.എം തിരുവനന്തപുരം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ. താൻ പറഞ്ഞു എന്ന് ആരെങ്കിലും പറഞ്ഞാൽ തനിക്ക് എന്തു ചെയ്യാനാവുമെന്നും ശബ്ദരേഖയെപ്പറ്റി അഭിജിത്തിനോട് തന്നെ ചോദിക്കണമെന്നും ആനാവൂർ പറഞ്ഞു.
ആനാവൂർ നാഗപ്പന്റെ നിർദേശപ്രകാരം എസ്.എഫ്.ഐ നേതാവാകാൻ യഥാർഥ പ്രായം ഒളിപ്പിച്ചുവച്ചെന്നായിരുന്നു അഭിജിത്തിന്റെ ആരോപണം. ഇയാളുടെ ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്.
ജില്ലാ നേതാവാകാൻ ആനാവൂർ നാഗപ്പൻ പ്രായം കുറച്ചുപറയാൻ ആവശ്യപ്പെട്ടു. ഇക്കാര്യം അറിയുന്ന വേറെയും നേതാക്കളുണ്ട്. നിലവിൽ 30 വയസായിട്ടുണ്ടെങ്കിലും പുറത്തുപറയുന്ന പ്രായം അതല്ലെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു.
അതേസമയം, വനിതാ പ്രവർത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടർന്ന് തിരുവനന്തപുരത്തെ മുൻ എസ്.എഫ്.ഐ നേതാവ് അഡ്വ. ജെ.ജെ അഭിജിത്തിനെ സി.പി.എം സസ്പെൻഡ് ചെയ്തു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സസ്പെൻഡ് ചെയ്തത്.