ആന്റണിയുടെ പിന്തുണ ഖാർഗെയ്ക്ക്; തരൂരിനെ പരസ്യമായി പിന്തുണച്ച് മകൻ അനിൽ ആന്റണി
കെ.എസ് ശബരീനാഥനും മാത്യു കുഴൽനാടനും നേരത്തെ ശശി തരൂറിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്
തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ അന്തിമചിത്രം തെളിഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തുടക്കംതൊട്ടേ മത്സരരംഗത്തുണ്ടാകുമെന്ന് വ്യക്തമാക്കിയ ശശി തരൂരിനോട് ഏറ്റുമുട്ടാനെത്തന്നത് മുതിർന്ന നേതാവായ മല്ലുകാർജുൻ ഖാർഗെയാണ്. ഇന്ന് ഖാർഗെ സമർപ്പിച്ച പ്രകടനപത്രികയിൽ അദ്ദേഹത്തെ പിന്തുണച്ച് ഒപ്പുവച്ച ആദ്യത്തെയാൾ മുതിർന്ന നേതാവും മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയുമായ എ.കെ ആന്റണിയാണ്. എന്നാൽ, മകൻ അനിൽ കെ. ആന്റണി ശശി തരൂറിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകായണ്.
കെ.പി.സി.സിയുടെ സോഷ്യൽ മീഡിയ കൺവീനർ കൂടിയാണ് അനിൽ ആന്റണി. ഫേസ്ബുക്കിലൂടെയാണ് അനിൽ ശശി തരൂറിന് ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. തരൂറിനെക്കാൾ മികച്ചൊരു നെഹ്റുവിയൻ നിലവിൽ പാർട്ടിയിലില്ലെന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. ശശി തരൂർ വാദിക്കുന്ന മാറ്റത്തിന്റെ സന്ദേശം കോൺഗ്രസിന്റെ പുനരുജ്ജീവനത്തിന് അനിവാര്യമാണെന്നും അനിൽ വ്യക്തമാക്കിയിട്ടുണ്ട്.
''അന്തിമ ഫലം എന്തായാലും, ശശി തരൂർ വാദിക്കുന്ന മാറ്റത്തിന്റെ സന്ദേശവും ഇന്ത്യ എന്ന ബഹുസ്വര ആശയത്തിനുവേണ്ടിയുള്ള നിലപാടും ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പുനരുജ്ജീവനത്തിന് അനിവാര്യമാണ്. അദ്ദേഹത്തെക്കാൾ മികച്ചൊരു നെഹ്റുവിയൻ ഈ പാർട്ടിയിലില്ല എന്നത് സംശയവുമില്ലാത്ത കാര്യമാണ്. അദ്ദേഹത്തെ എന്റെ ഗുരനാഥന്മാരിൽ ഒരാളെന്ന് വിളിക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്. താങ്കളുടെ ആഘോഷിക്കപ്പെട്ട ജീവിതത്തിലും കരിയറിലുമുള്ള മറ്റൊരു സുപ്രധാന ചുവടുവയ്പ്പിൽ എല്ലാ ആശസംകളും നേരുന്നു'-അനിൽ ആന്റണി ഫേസ്ബുക്കിൽ കുറിച്ചു.
കെ.എസ് ശബരീനാഥൻ ആണ് കേരളത്തിൽനിന്ന് ആദ്യമായി തരൂറിന് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് നേതാവ്. മാത്യു കുഴൽനാടനും പിന്നീട് പിന്തുണ അറിയിച്ചിട്ടുണ്ട്. കേരളത്തിൽനിന്നടക്കം യുവാക്കളുടെ പിന്തുണ തനിക്കുണ്ടെന്നാണ് തരൂർ വാദിക്കുന്നത്.
എന്നാൽ, തരൂറിനെ ഞെട്ടിച്ചുകൊണ്ട് ജി23 നേതാക്കന്മാരും ഖാർഗെയെ പിന്തുണച്ചിട്ടുണ്ട്. മനീഷ് തിവാരി, ഭൂപീന്ദർ ഹൂഡ, ആനന്ദ് ശർമ ഇക്കൂട്ടത്തിലുണ്ട്. ഇവർക്കൊപ്പം അശോക് ഗെഹ്ലോട്ട്, അംബിക സോണി, മുകുൾ വാസ്‌നിക്, മനു അഭിഷേക് സിങ്‌വി, ദിഗ്‌വിജയ് സിങ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളെല്ലാം ഖാര്‍ഗെയ്ക്കൊപ്പമുണ്ട്.
Summary: Anil K Antony openly supports Shashi Tharoor in Congress Presidential election while his father and Senior leader A.K Antony affirms his support to Mallikarjun Kharge