അനില്‍കാന്തിന്‍റെ നിയമനം കാലാവധി പറയാതെ
പൊലീസ് മേധാവിയുടെ നിയമന കാലാവധി രണ്ടു വർഷമാകണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്.
ഡി.ജി.പി അനിൽകാന്തിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചുള്ള ഉത്തരവിൽ സര്‍വ്വീസ് കാലാവധി പറയുന്നില്ല. കാലാവധിയുടെ കാര്യത്തിൽ അന്തിമ തീരുമാനം പിന്നീടെടുക്കുമെന്നാണ് സൂചന. പൊലീസ് മേധാവിയുടെ നിയമന കാലാവധി രണ്ടു വർഷമാകണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്.
അനില്‍കാന്ത് അടുത്ത ജനുവരിയില്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കാനിരിക്കെ നിയമവശങ്ങള്‍ പരിഗണിച്ചാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുകയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അതിനിടെ അനിൽകാന്ത് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
സ്ത്രീ സുരക്ഷക്ക് പ്രഥമ പരിഗണന നൽകുമെന്നും ലോക്നാഥ് ബെഹ്റയുടെ മികച്ച പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുമെന്നും അനിൽകാന്ത് പറഞ്ഞു. വിജിലൻസ് ഡയറക്ടർ സുദേഷ് കുമാർ, ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ എന്നിവർ കൂടി അടങ്ങിയ പട്ടികയിൽ നിന്നാണ് അനിൽകാന്തിനെ സംസ്ഥാന പൊലീസ് മേധാവിയായി തെരഞ്ഞെടുത്തത്.
നിലവിൽ സംസ്ഥാന റോഡ് സുരക്ഷാ കമ്മിഷണറാണ് അനിൽകാന്ത്. പഞ്ചാബ് സ്വദേശിയായ ഇദ്ദേഹം 1988 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. പട്ടികവിഭാഗത്തില്‍ നിന്ന് കേരളത്തില്‍ പൊലീസ് മേധാവിയാകുന്ന ആദ്യത്തെയാളാണ് അനില്‍കാന്ത്.
യു.പി.എസ്.സി നൽകിയ പട്ടികയിൽ സുദേഷ് കുമാറാണ് ഒന്നാമതായി ഉണ്ടായിരുന്നത്. എന്നാൽ മകൾ പൊലീസുകാരനെ മർദിച്ചത്, ക്യാമ്പ് ഫോളോവർമാരെ ദാസ്യപ്പണിയെടുപ്പിച്ചു തുടങ്ങിയ വിവാദങ്ങൾ സുദേഷ് കുമാറിന് തിരിച്ചടിയായി. പൊലീസ് സംഘടനകൾക്കും സുദേഷ് പ്രിയങ്കരനായിരുന്നില്ല എന്നാണ് റിപ്പോർട്ട്.