'കാനം രാജേന്ദ്രൻ പ്രതികരിക്കാത്തതിൽ പരാതിയില്ല'; സി.പി.ഐയെ ഓർത്ത് കെ.സി വേണുഗോപാൽ കണ്ണീർ ഒഴുക്കേണ്ടെന്നും ആനി രാജ
'സ്ത്രീപക്ഷ നിലപാടുകൾ തുറന്ന ചർച്ചകൾക്ക് രാഷ്ട്രീയപാർട്ടികൾ തയാറാകണം'
ഡൽഹി: കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലിനെതിരെ വിമർശനവുമായി സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗവും നാഷനൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ ജനറല്‍ സെക്രട്ടറിയുമായ ആനി രാജ. സി.പി.ഐയെ ഓർത്ത് കെ.സി വേണുഗോപാൽ കണ്ണീർ ഒഴുക്കേണ്ടെന്നും ആനി രാജ പറഞ്ഞു. സ്വന്തം പാർട്ടിയെ കുറിച്ച് ആലോചിച്ച് കെസി വേണുഗോപാൽ ദുഃഖിച്ചാൽ മതി. കോൺഗ്രസിലെ യുവാക്കളെയും സ്ത്രീകളെയും കുറിച്ചാണ് കെ.സി വേണുഗോപാൽ ചിന്തിക്കേണ്ടതെന്നും ആനി രാജ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, എംഎം മണിയുടെ വിവാദ പരാമർശത്തിൽ കാനം രാജേന്ദ്രൻ പ്രതികരിക്കാത്തതിൽ പരാതി ഇല്ലെന്നും അവർ പറഞ്ഞു. ബിനോയ് വിശ്വം, കേരള മഹിളാസംഘം എന്നിവർ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്. 'താൻ പ്രതികരിച്ചത് വ്യക്തിപരമായ വിമർശനത്തിന് എതിരെ അല്ല. സ്ത്രീത്വത്തെ ആക്ഷേപിച്ചതിന് ഒരു സംഘടന നേതാവ് എന്ന നിലയിലാണ് താൻ പ്രതികരിച്ചത്'.
'പാർട്ടിയിലെ എല്ലാവരും പ്രതികരിക്കണം എന്ന് നിർബന്ധമില്ല.സ്ത്രീ പക്ഷ നിലപാടുകൾ അകത്തളത്തിൽ ചർച്ച ചെയ്യേണ്ടതല്ല. സ്ത്രീപക്ഷ നിലപാടുകൾ തുറന്ന ചർച്ചകൾക്ക് രാഷ്ട്രീയപാർട്ടികൾ തയാറാകണം എന്നും ആനി രാജ പറഞ്ഞു.