കൊച്ചി വിഷപ്പുകയിൽ നീറിയ ദിനങ്ങൾ; ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന് ഇന്നേക്ക് ഒരു വർഷം
വിഷപ്പുക ഒരു ജനതയെ ശ്വാസം മുട്ടിക്കുക മാത്രമല്ല, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കിയിരുന്നു
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടിത്തം ഉണ്ടായിട്ട് ഇന്നേക്ക് ഒരു വർഷം. തീപിടിത്തത്തിന് പിന്നാലെയുണ്ടായ വിഷപ്പുക അക്ഷരാർഥത്തിൽ ഒരു ജനതയെ ശ്വാസം മുട്ടിച്ചു. രണ്ടാഴ്ച നീണ്ട്നിന്ന പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണച്ചത്.
അശാസ്ത്രീയമായി മാലിന്യങ്ങൾ കൂട്ടിയിട്ടതും കരാർ ലഭിച്ച സോണ്‍ഡ കമ്പനിയുടെ നിരുത്തരവാദിത്തപരമായ സമീപനവും തിപിടിത്തത്തിന് ആക്കം കൂട്ടി. ബ്രഹ്മപുരത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിപിടിത്തമായിരുന്നു അത്. എറണാകുളം- ആലപ്പുഴ അതിർത്തിവരെ എത്തിയ വിഷപ്പുക ജനങ്ങൾക്കുണ്ടാക്കിയത് കടുത്ത ആരോഗ്യ പ്രശ്നങ്ങളായിരുന്നു.
തീപിടിത്തത്തിന് പിന്നാലെ ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടു പോകുന്നത് നിലച്ചതോടെ കോർപ്പറേഷൻ പരിധിയിൽ മാലിന്യങ്ങൾ കുമിഞ്ഞ് കൂടി. വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടതിന് പിന്നാലെയാണ് മാലിന്യ നീക്കവും തീ അണക്കലും വേഗത്തിലായത്.
സ്വമേധയാ ഇടപെട്ട ഹൈക്കോടതി ഓരോ ദിവസവും സിറ്റിങ് നടത്തി കാര്യങ്ങൾ നിരീക്ഷിച്ചു. ഓരോ സെക്ടറുകളായി തിരിച്ചാണ് മാലിന്യ കൂന്പാരത്തിലെ തീ അഗ്നിരക്ഷാ സേനാംഗങ്ങൾ കെടുത്തിയത്. തീപിടിത്തത്തിന് ശേഷം കൊച്ചി കോർപ്പറേഷനിലെ ജൈവ മാലിന്യങ്ങൾ മാത്രമാണ് ബ്രഹ്മപുരത്ത് എത്തിക്കുന്നത്. വിൻഡ്രോ കന്പോസ്റ്റിങ്ങും, പട്ടാളപ്പുഴുവിനെ ഉപയോഗിച്ചുള്ള മാലിന്യ സംസ്കരണവുമാണ് ഇപ്പോൾ ബ്രഹ്മപുരത്ത് നടക്കുന്നത്.
തീപിടിത്തം ആവർത്തിക്കാതിരിക്കാൻ ജില്ലാഭരണകൂടവും കോർപ്പറേഷനും ജാഗ്രത പുലർത്തുന്നുണ്ടെങ്കിലും മൂന്ന് സെക്ടറുകളിൽ കഴിഞ്ഞ ദിവസം ചെറിയതോതിൽ തീപിടിത്തം ഉണ്ടായത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.ബിപിസിഎല്ലിന്റെ പ്ലാന്റിനും സർക്കാർ അനുമതി നൽകിയതിന് പിന്നാലെ ബ്രഹ്മപുരത്ത് തീപിടിത്തം ആവർത്തിക്കാതിരിക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ഭരണകൂടവും കോർപ്പറേഷനും.