സംസ്ഥാനത്ത് 557 പേരെ കൂടി ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തി
അടുത്തകാലത്തായി സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം രൂക്ഷമായിരുന്നു
സംസ്ഥാനത്ത് 557 പേരെ കൂടി ഗുണ്ടാ പട്ടികയിൽ ഉൾപ്പെടുത്തി. ഏറ്റവും കൂടുതൽ ഗുണ്ടകളുള്ളത് പത്തനംതിട്ട ജില്ലയിലും തിരുവനന്തപുരം ജില്ലയിലുമാണ്. നിരന്തരം ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നവരെയാണ് ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര വലകുപ്പിന്റെ ഗുണ്ടാ വിരുദ്ധ പദ്ധതിയുടെ ഭാഗമായാണ് നടപടി. ഇതോടെ ഗുണ്ടാ പട്ടികയിൽ 2750 പേരാണുള്ളത്.
അടുത്തകാലത്തായി സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം രൂക്ഷമായിരുന്നു. ഇതിനെ തുടർന്നാണ് മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഗുണ്ടാലിസ്റ്റ് തയ്യാറാക്കുന്നതിന് സംസ്ഥാന ഇന്റലിജൻസിന് നിർദേശം നൽകിയത്. നിർദേശത്തെ തുടർന്ന് ഗുണ്ടാലിസ്റ്റ് പൊലീസ് തയ്യാറാക്കുകയും 2300 ഓളം പേരെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിൽ 1300 പേർ ക്രൂരമായ കൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നവരാണെന്നും പൊലീസ് വ്യക്തമാക്കി. അക്രമ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു എന്ന റിപ്പോർട്ടിന്റെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് 557 പേരെ പുതുതായി ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവരെ നിരീക്ഷിച്ചു വരികയാണ് കേരള പൊലീസ്.