തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം
അട്ടക്കുളങ്ങര ജംഗഷനിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു. ബൈക്കിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വീണ്ടും ഗുണ്ട ആക്രമണം. അട്ടക്കുളങ്ങര ജംഗഷനിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു. ബൈക്കിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. രാത്രി ഒന്നരയോടു കൂടിയാണ് സംഭവം. അട്ടക്കുളങ്ങര ജംഗഷനിൽ നിന്നും കോട്ടക്കകത്തേക്ക് പോകുന്ന ഭാഗത്തേക്ക് യുവാവിനെ മാറ്റി നിർത്തിയാണ് വെട്ടി പരിക്കേൽപ്പിച്ചത്.
പൂജപ്പുര സ്വദേശി മുഹമ്മദലി എന്നയാൾക്കാണ് പരിക്കേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിനും ദേഹത്തും വെട്ടേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരം നഗരത്തിൽ അടുത്തിടെ വലിയ തോതിലുള്ള ഗുണ്ടാ ആക്രമണമുണ്ടായിരുന്നു. കുപ്രസിദ്ധ ഗുണ്ടാ നേതാക്കളായ ഓംപ്രകാശ്, ഒട്ടുപാൽ രാജേഷ് തുടങ്ങിയവർ ഇത്തരം ഗുണ്ടാ ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്ന സംഭവങ്ങളുണ്ടായിരുന്നു. എന്നാൽ ഈ കേസിലെ പ്രതികളെ പിടികൂടാനാകാത്തതിന് പൊലീസ് പഴി കേൾക്കുന്നതിനിടെയാണ് പുതിയ സംഭവം.