മോഡലുകളുടെ അപകട മരണം; സിസി ടിവി ദൃശ്യങ്ങൾ ഒളിപ്പിച്ചതിൽ ദുരൂഹതയെന്ന് അൻസിയുടെ കുടുംബം
മീഡിയവൺ സ്പെഷ്യൽ എഡിഷനിലായിരുന്നു നസീമുദ്ദീന്‍റെ പ്രതികരണം
കൊച്ചിയിലെ മോഡലുകളുടെ അപകട മരണത്തിൽ ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങൾ ഒളിപ്പിച്ചതിൽ ദുരൂഹതയെന്ന് അൻസിയുടെ കുടുംബം. ദൃശ്യങ്ങൾ നശിപ്പിച്ചതെന്തിനെന്ന് കണ്ടെത്തണമെന്ന് അൻസിയുടെ അമ്മാവൻ നസീമുദ്ദീൻ പറഞ്ഞു. മീഡിയവൺ സ്പെഷ്യൽ എഡിഷനിലായിരുന്നു നസീമുദ്ദീന്‍റെ പ്രതികരണം.
അതേസമയം കേസില്‍ ഹോട്ടൽ ഉടമ റോയ് വയലാറ്റ് ഉൾപ്പെടെ ആറ് പ്രതികൾക്കും കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. തെളിവ് നശിപ്പിച്ചെന്ന കുറ്റം ചുമത്തിയായിരുന്നു ആറ് പേരെയും അറസ്റ്റ് ചെയ്തത്. ഹോട്ടലുടമ റോയി ജെ വയലാട്ട്, ഹോട്ടൽ ജീവനക്കാരായ അനിൽ, വിൽസൻ റെയ്‌നോൾഡ്, മെൽവിൻ, സിജുലാൽ, വിഷ്‌ണുകുമാർ എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. മുഖ്യപ്രതി റോയി ആശുപത്രിയിൽ ചികിത്സയിലായതിനാൽ കോടതിയിൽ ഹാജരാക്കിയിരുന്നില്ല. തുടർന്ന് മജിസ്‌ട്രേറ്റ് കളമശേരി മെഡിക്കല്‍ കോളേജിലെത്തി റോയിയുടെ മൊഴിയെടുത്തു. പിന്നീടാണ് രാത്രി വൈകി ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത് .
സർക്കാർ ഉത്തരവിന് വിരുദ്ധമായി സമയപരിധി കഴിഞ്ഞു മദ്യം വിളമ്പിയെന്നും കായലിലേക്ക് ഹാര്‍ഡ് ഡിസ്‌ക് വലിച്ചെറിഞ്ഞ തെളിവ് നശിപ്പിച്ചുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. സംശയാസ്പദമായ പലതും സംഭവത്തിന് പിന്നിലുള്ളതിനാൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. എന്നാൽ ഒന്നാം പ്രതി അബ്ദുള്‍ റഹ്‌മാന്‍ അമിതമായി മദ്യപിച്ച് കാറോടിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് തന്നെ പറഞ്ഞെന്ന് പ്രതിഭാഗവും വാദമുന്നയിച്ചു.
തന്‍റെ ഹോട്ടലില്‍ വെച്ച് ഒരു അനിഷ്ട സംഭവവുമുണ്ടായിട്ടില്ലെന്നും ഹോട്ടലില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയാണ് അപകടം നടന്ന തെന്നും റോയിയുടെ അഭിഭാഷകന് കോടതിയില്‍ ബോധിപ്പിച്ചു. കാറിനെ പിന്തുടര്‍ന്ന സൈജുവിനെ അറസ്റ്റു ചെയ്തിട്ടില്ല. മാധ്യമങ്ങളും അന്വേഷണ ഉദ്യോഗസ്ഥനും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന് പ്രതിഭാഗം വ്യക്തമാക്കി. തങ്ങൾക്കെതിരെ നരഹത്യ ഉൾപടെയുള്ള ഗുരുതര വകുപ്പുകൾ നിലനിൽക്കില്ലന്ന പ്രതിഭാഗത്തിന്‍റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.