എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എയ്ക്ക് ഇന്ന് നിര്‍ണായക ദിനം; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും
ജാമ്യാപേക്ഷ തള്ളിയാല്‍ എം.എല്‍.എയുടെ അറസ്റ്റിലേക്ക് നീങ്ങാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളിൽ എം.എല്‍.എയ്ക്ക് ഇന്ന് നിര്‍ണായക ദിനം. മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷ തള്ളിയാല്‍ എം.എല്‍.എയുടെ അറസ്റ്റിലേക്ക് നീങ്ങാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. അതേസമയം എല്‍ദോസ് ഒളിവില്‍ തുടരുകയാണ്.
ബലാത്സംഗ കേസ് ചുമത്തി മൂന്നാം ദിനമാണ് എൽദോസിന്‍റെ മുൻകൂർ ജാമ്യ അപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി പരിഗണിക്കുന്നത്. ബലാത്സംഗ എന്ന ഗുരുതര കുറ്റം ചുമത്തിയിട്ടുണ്ടെന്നും എം.എല്‍.എയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമെന്നും വാദിച്ച് പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ക്കും. ജൂലൈ മുതല്‍ പലപ്പോഴായി പീഡിപ്പിച്ചതിന് തെളിവുണ്ടെന്നും പരാതി നല്‍കിയ ശേഷം പലതരത്തില്‍ ഭീഷണിപ്പെടുത്തിയതിനാല്‍ ജാമ്യം നല്‍കുന്നത് പരാതിക്കാരിയുടെ ജീവന്‍പോലും അപകടത്തിലാക്കുമെന്ന് പ്രോസിക്യൂഷൻ ഉന്നയിക്കും. എന്നാല്‍ പണം തട്ടാനായി കെട്ടിച്ചമച്ച കേസാണെന്നാണ് എല്‍ദോസിന്‍റെ മറുവാദം.
പരാതിക്കാരിയുടെ പശ്ചാത്തലവും ഇതിന്‍റെ ഭാഗമായി ഉയര്‍ത്തിക്കാട്ടുന്നുണ്ട്. കോടതി ജാമ്യാപേക്ഷ തള്ളുകയോ അറസ്റ്റ് തടയാതിരിക്കുകയോ ചെയ്താല്‍ എല്‍ദോസിനെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമം അന്വേഷണസംഘം തുടങ്ങും. അതിന്‍റെ മുന്നോടിയായി എം.എല്‍.എയുടെ ഒളിയിടം കണ്ടെത്താനുള്ള തിരച്ചില്‍ ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. ഇന്നലെ തന്നെ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതിക്രൂരമായ പീഡനമാണ് എം.എൽ.എ നടത്തിയതെന്നാണ് യുവതിന്നാണ് യുവതി മൊഴിയിൽ പറയുന്നത്.