പുരാവസ്തു തട്ടിപ്പ് കേസ്; മുൻ ഡി.ഐ.ജി എസ്. സുരേന്ദ്രന്റെ ഭാര്യയ്ക്ക് ഇടക്കാല മുൻകൂർ ജാമ്യം
ബിന്ദുലേഖയുടെ അക്കൗണ്ടിലേക്കും മോൻസൺ പണം അയച്ചതായി കണ്ടെത്തിയതിന്റെ സാഹചര്യത്തിലാണ് ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ മുൻ ഡി.ഐ.ജി എസ്. സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയ്ക്ക് ഇടക്കാല മുൻകൂർ ജാമ്യം. ഇടക്കാല മുൻകൂർ ജാമ്യമുള്ളതിനാൽ 50,000 രൂപയുടെ ബോണ്ടിലാണ് വിട്ടയച്ചത്. പുരാവസ്തു തട്ടിപ്പ് കേസിൽ ഏഴാം പ്രതിയാണ് ബിന്ദുലേഖ. ബിന്ദുലേഖ ഇന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണസംഘം നോട്ടീസ് നൽകിയിരുന്നു.
പുരാവസ്തു തട്ടിപ്പ് കേസിൽ നാലാം പ്രതിയാണ് സുരേന്ദ്രൻ. അദ്ദേഹത്തെ നേരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് ബിന്ദുലേഖക്ക് നോട്ടീസ് അയച്ചത്. സുരന്ദ്രേന്റെ ഭാര്യയുടെ അക്കൗണ്ടിലേക്കും മോൻസൺ പണം അയച്ചതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ബിന്ദുലേഖയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.