കെഎസ്ആര്‍ടിസിയിലെ അധിക ജീവനക്കാരെ പിരിച്ചുവിടാനുള്ള നിർദേശം ലഭിച്ചിട്ടില്ല: ആന്‍റണി രാജു
കെ.എസ്.ആർ.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേണ്ടിയാണ് 4000ത്തോളം തൊഴിലാളികൾക്ക് ലേ ഓഫ് നൽകാൻ സി.എം.ഡി ശിപാർശ നൽകിയത്
കെഎസ്ആര്‍ടിസിയിലെ അധികമുള്ള ജീവനക്കാരെ പിരിച്ചു വിടുന്നതടക്കമുള്ള സിഎംഡി യുടെ നിര്‍ദേശം സർക്കാരിന് മുന്നിൽ എത്തിയിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു. എടുത്ത് ചാടി തീരുമാനം എടുക്കില്ലെന്നും ശിപാർശ ലഭിച്ചാൽ ലേ ഓഫ് അടക്കമുള്ള നിർദേശങ്ങൾ പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ആര്‍.ടി.സിയില്‍ സാമ്പത്തിക അച്ചടക്കം വേണമെന്നും അധികമുള്ള ജീവനക്കാരെ പിരിച്ചു വിടുകയോ ലേ ഓഫ് ചെയ്യുകയോ വേണമെന്നും സി.എം.ഡി ബിജു പ്രഭാകർ പറഞ്ഞിരുന്നു. കെ.എസ്.ആർ.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേണ്ടിയാണ് 4000ത്തോളം തൊഴിലാളികൾക്ക് ലേ ഓഫ് നൽകാൻ സി.എം.ഡി ശിപാർശ നൽകിയത്.
അല്ലെങ്കിൽ 50% ശമ്പളം നൽകി ഒരു വർഷം മുതൽ അഞ്ച് വർഷം വരെ ദീർഘകാല ലീവ് നൽകാമെന്നും ശിപാർശയിൽ പറയുന്നു. ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും സർക്കാരിനെ ആശ്രയിക്കേണ്ടി വരുന്ന ഘട്ടത്തിൽ ചെലവ് കുറയ്ക്കാതെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും സി.എം.ഡി തൊഴിലാളി യൂണിയനുകളുടെ യോഗത്തിൽ അറിയിച്ചു.