'ഇനി യൂണിയനുകള്‍ ആവശ്യപ്പെട്ടാല്‍ മാത്രം ചര്‍ച്ച'; കെ.എസ്.ആര്‍.ടി.സി പണിമുടക്ക് അനാവശ്യമെന്ന് മന്ത്രി

ശമ്പള പരിഷ്കരണത്തിൽ 24 മണിക്കൂർ കൊണ്ട് മറുപടി വേണമെന്ന് ശഠിക്കരുത്. സാവകാശം ചോദിച്ചപ്പോൾ യൂണിയനുകൾ സർക്കാരിനെ മുൾമുനയിൽ നിർത്തിയെന്നും ആന്‍റണി രാജു പറഞ്ഞു.

Update: 2021-11-05 07:49 GMT
Advertising

കെ.എസ്.ആര്‍.ടി.സി ഭരണ - പ്രതിപക്ഷ യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്ക് അനാവശ്യമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. സമരം പാടില്ലെന്ന സർക്കാർ അഭ്യർത്ഥന മാനിച്ചില്ല, ജനങ്ങളെ ബുദ്ധിമുട്ടിച്ചത് ശരിയാണോയെന്ന് കെ.എസ്.ആർ.ടി.സി യൂണിയനുകൾ ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു. 

"തൊഴിലാളി യൂണിയനുകൾ ആവശ്യപ്പെട്ടാൽ മാത്രമേ സർക്കാർ ഇനി ചർച്ച നടത്തൂ. ശമ്പള പരിഷ്കരണത്തിൽ 24 മണിക്കൂർ കൊണ്ട് മറുപടി വേണമെന്ന് ശഠിക്കരുത്. സാവകാശം ചോദിച്ചപ്പോൾ യൂണിയനുകൾ സർക്കാരിനെ മുൾമുനയിൽ നിർത്തി. മാനേജ്മെന്റും യൂണിയനുമായുള്ള തർക്കത്തിൽ സർക്കാർ എന്ത് പിഴച്ചു? 150 കോടി ശമ്പളത്തിനും പെൻഷനും വേണ്ടി നൽകുന്നതാണോ സർക്കാരിന്റെ തെറ്റ്?" മന്ത്രി ചോദിച്ചു. 

ശമ്പള പരിഷ്കരണം സംബന്ധിച്ച തീരുമാനം വേഗത്തിൽ എടുക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും ചർച്ച ചെയ്യാൻ സാവകാശം കിട്ടിയില്ലെന്നും മന്ത്രി പറഞ്ഞു. യൂണിയനുകളുടെ ആവശ്യം 30 കോടിയുടെ അധിക ബാധ്യത വരുന്നതാണ്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന, സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന ഈ സമരം അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. അവശ്യ സർവീസുകളായി പ്രഖ്യാപിച്ച സ്ഥാപനങ്ങൾ പണിമുടക്കിയാൽ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം, സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്ക് പൂർണമാണ്. കെ.എസ്.ആർ.ടിസിയെ പ്രധാനമായും ആശ്രയിക്കുന്ന തെക്കൻ ജില്ലക്കാർ ശരിക്കും വലഞ്ഞു. പണിമുടക്കിനെക്കുറിച്ച് അറിയാതെയാണ് പലരും ബസ്‌സ്റ്റാൻഡിലെത്തുന്നത്. മധ്യകേരളത്തിലും പണിമുടക്കിനെ തുടർന്ന് സർവീസുകൾ മുടങ്ങി. എറണാകുളം ഡിപ്പോയിൽ നിന്നുളള 60 ബസുകളും സർവീസ് നടത്തിയില്ല.

പ്രൈവറ്റ് ബസുകൾ അധികം സർവീസ് നടത്താത്ത വയനാട്ടിലേക്ക് പോകാനെത്തിയവർ കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിൽ മണിക്കൂറുകളോളം കുടുങ്ങി. വിവിധ തൊഴിലാളി സംഘടനകൾ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാർച്ച് നടത്തുകയും ചെയ്തിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള സർവ്വീസ് പതിവ് പോലെ നടക്കുന്നുണ്ട്. യു.ഡി.എഫ് അനുകൂല സർവീസ് സംഘടനകൾ നാളെയും പണിമുടക്കുന്നതിനാൽ യാത്രക്കാർ കൂടുതല്‍ ദുരിതത്തിലാകും. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News