'കുഞ്ഞിനെ കൊല്ലാനോ നശിപ്പിക്കാനോ ശ്രമിച്ചിട്ടില്ല, വളര്‍ത്താനാണ് ഏല്‍പ്പിച്ചത്'; ദത്ത് കേസില്‍ പ്രതികള്‍

പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി അടുത്തമാസം രണ്ടിന്

Update: 2021-10-28 07:50 GMT
Advertising

കുട്ടിയെ തട്ടിയെടുത്ത് ദത്ത് നൽകിയ സംഭവത്തിൽ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും നോട്ടറി തയ്യാറാക്കിയ സത്യവാങ്മൂലം കണ്ടെടുക്കാനുണ്ടെന്നും പ്രോസിക്യൂഷന്‍. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയില്‍ നവംബര്‍ രണ്ടിന് വിധിപറയും. ഗര്‍ഭിണിയായ അനുപമയെ താമസിപ്പിച്ച കട്ടപ്പനയില്‍ തെളിവെടുക്കാനുണ്ടെന്നും പ്രേസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അമ്മ നാടു നീളെ കുഞ്ഞിനെ തേടി അലഞ്ഞ് നടക്കുന്നത് കോടതി പരിഗണിക്കണമെന്നും പറഞ്ഞു. 

അതേസമയം, കേസ് നിലനില്‍ക്കില്ലെന്നാണ് പ്രതികളുടെ വാദം. കോളജില്‍ പഠിക്കാന്‍ വിട്ട മകള്‍ ഗര്‍ഭമെന്ന സമ്മാനവുമായാണ് മടങ്ങി വന്നത്. കുഞ്ഞിനെ കൊല്ലാനോ നശിപ്പിക്കാനോ ശ്രമിച്ചിട്ടില്ല, കുഞ്ഞിനെ സുരക്ഷിതമായി വളര്‍ത്താന്‍ ഏല്‍പിക്കുകയാണ് ചെയ്തത്. നോട്ടറി സാക്ഷ്യപ്പെടുത്തിയ സമ്മത പത്രം എവിടെയും സമര്‍പ്പിച്ചിട്ടില്ലെന്നും പ്രതിഭാഗം വ്യക്തമാക്കി. അനുപമയുടെ സത്യവാങ്മൂലത്തില്‍ കുഞ്ഞിനെ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് പറയുന്നില്ല, കേസിന്റെ വാര്‍ത്താ പ്രാധാന്യം കോടതി പരിഗണിക്കരതുതെന്നും പ്രതിഭാഗം കൂട്ടിച്ചേര്‍ത്തു. 

അതേസമയം, കുഞ്ഞിനെ വളർത്താൻ ഏല്‍പ്പിച്ചു എന്ന് സത്യവാങ്മൂലത്തിൽ ഉണ്ടെന്നു തോന്നുന്നില്ലെന്നും കോടതിയിൽ പ്രതീക്ഷയുണ്ടെന്നും അനുപമ പ്രതികരിച്ചു. തങ്ങളുടെ വാദം കൂടെ കേൾക്കാതെ കോടതി തീരുമാനം എടുക്കും എന്ന് കരുതുന്നില്ലെന്ന് പറഞ്ഞ അനുപമ കോടതി കാര്യങ്ങളിൽ അഭിപ്രായം പറയുന്നില്ലെന്നും വ്യക്തമാക്കി.

ചുമത്തേണ്ടിയിരുന്ന പ്രധാന വകുപ്പുകൾ ചേർത്തിട്ടില്ല, ആ വിഷയം കോടതിയിൽ ഉന്നയിക്കും. കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നുതന്നെയാണ് പ്രതീക്ഷ. പാർട്ടി പ്രതികളെ സംരക്ഷിച്ചാലും കോടതി സംരക്ഷിക്കില്ല. പാർട്ടി അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അനുപമ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണങ്ങൾക്കെതിരെ നിയമപരമായി നീങ്ങുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News