'ബുർജ് ഖലീഫയിൽ ത്വവാഫ് സൗകര്യം ഒരുക്കണം ജീ'; ഹജ്ജ് ക്വാട്ട കൂട്ടാനായി മോദി യുഎഇ ശൈഖിനെ വിളിച്ചെന്നു പറഞ്ഞ അബ്ദുല്ലക്കുട്ടി എയറിൽ
ജെപി നദ്ദ പങ്കെടുത്ത പാർട്ടി പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് അബ്ദുല്ലക്കുട്ടി അബദ്ധത്തിൽ ചാടിയത്
കോഴിക്കോട്: ഹജ്ജ് സീറ്റ് വർധിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ ശൈഖിനെ വിളിച്ചെന്ന ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുല്ലക്കുട്ടിയുടെ പ്രസ്താവനയ്ക്ക് ട്രോൾമഴ. യുഎഇയും ഹജ്ജും തമ്മിൽ എന്താണ് ബന്ധമെന്നാണ് സമൂഹമാധ്യമങ്ങൾ ചോദിക്കുന്നത്. ഹജ്ജ് സൗദിയിലാണ്, യുഎഇയിലല്ല എന്ന യാഥാർത്ഥ്യം ചിലർ ചൂണ്ടിക്കാട്ടി. കോഴിക്കോട്ട് ദേശീയ അധ്യക്ഷൻ ജെപി നദ്ദ പങ്കെടുത്ത പാർട്ടി പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് അബ്ദുല്ലക്കുട്ടി അബദ്ധത്തിൽ ചാടിയത്.
'2019ലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഹജ്ജ് യാത്രയ്ക്ക് പോയത്, രണ്ടു ലക്ഷം പേർ. അന്ന് സൗദി നിശ്ചയിച്ചത് 190000 ആളുകളെയാണ്. ഹജ്ജിന് പോകുന്നവരുടെ അപേക്ഷകൾ വളരെയധികം കൂടുമ്പോൾ നരേന്ദ്രമോദി യുഎഇ ശൈഖിനെ വിളിച്ചു പറഞ്ഞത് ഞങ്ങൾക്ക് 1,90000 പോര, ഞങ്ങൾക്ക് കുറച്ചു കൂടുതൽ വേണമെന്നാണ്. മോദി ഇടപെട്ട് പതിനായിരം സീറ്റ് അധികം വാങ്ങിച്ചു. ആ പതിനായിരം സീറ്റ് സ്വകാര്യ ട്രാവൽ ഏജൻസിക്കു കൊടുത്തില്ല. സർക്കാർ നിശ്ചയിച്ച നിരക്കിൽ പതിനായിരത്തോളം പേരെ, ഒരു കൊള്ളലാഭവുമില്ലാതെ സ്വകാര്യ വിമാനങ്ങൾ കൊണ്ടുപോയി. നല്ല മുസ്‌ലിംകൾ ഇതു തിരിച്ചറിയണം.'- എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
രസകരമായ കമന്റുകളാണ് ഈ വാർത്തയ്ക്ക് താഴെ നിറയുന്നത്. 'ബുർജ് ഖലീഫയിൽ ത്വവാഫ് ചെയ്യാനും സൗകര്യം ഒരുക്കണം ജീ', 'എന്തു കരുതലാണ് ആ മൻസന്, ഗ്യാസിന് 100ന് മുകളിലായി', 'തൽക്കാലം ഹജ്ജ് യുഎഇയിലേക്ക് മാറ്റിയിരിക്കുന്നു'- എന്നിങ്ങനെ പോകുന്നു കമന്റുകൾ.
കമ്യൂണിസ്റ്റ് കാലത്ത് ഉംറക്ക് പോയി വിവാദത്തിൽപ്പെട്ടതും പ്രസംഗത്തിൽ അദ്ദേഹം ഓർത്തെടുത്തു. 'ഞാൻ കമ്യൂണിസ്റ്റ് പാർട്ടിയിലായിരുന്നപ്പോൾ കെട്ട്യോളെയും കൂട്ടി പരിശുദ്ധ മക്കയിൽ ഉംറക്ക് പോയി തിരിച്ചുവന്നപ്പോൾ സഖാവ് കോടിയേരി കണ്ണുരുട്ടി പേടിപ്പിച്ചു പറഞ്ഞു, എടോ താനെന്തു കമ്യൂണിസ്റ്റാണ്. കമ്യൂണിസ്റ്റുകാർ ഉംറക്ക് പോകാൻ പാടുണ്ടോ? ഇപ്പോൾ ഇന്ത്യയിലെ സത്യസന്ധരായ മുസ്‌ലിംകളെ മുഴുവൻ ഉംറ ചെയ്യിക്കുന്നതിനു വേണ്ടി മാത്രമല്ല, ഹജ്ജ് ചെയ്യിക്കുന്നതിന്റെയും ചുമതല എനിക്കു നൽകിയ ഈ പ്രസ്ഥാനത്തോട് കടപ്പെട്ടിരിക്കുന്നു. നരേന്ദ്രമോദി ഓരോ വിഷയത്തിലും ശരിയായ നിലപാടെടുക്കുന്ന ഭരണാധികാരിയാണ്. നരേന്ദ്രമോദി ഹജ്ജിൽ പോലും വളരെ കൃത്യമായി ഇടപെട്ടിട്ടുള്ള നേതാവാണ്.' - അബ്ദുല്ലക്കുട്ടി പറഞ്ഞു.
ഹജ്ജ് വിഷയത്തിൽ കോൺഗ്രസ് ഭരണകാലത്തെ അദ്ദേഹം കടന്നാക്രമിച്ചു. 'മോദി അധികാരത്തിൽ വരുന്നതിന് മുമ്പ് ഹജ്ജ് യാത്രയിൽ ഗുൽവിൽ ഡെലിഗേഷൻ എന്ന സംവിധാനമുണ്ടായിരുന്നു. കോൺഗ്രസിന്റെ കാലത്ത് ഗുഡ്‌വിൽ ഡെലഗേഷൻ എന്നു പറഞ്ഞ് ഒരു വിമാനം നിറയെ വിഐപികൾ, ഇവിടത്തെ എംഎം ഹസ്സനെപ്പോലുള്ള ആളുകൾ സർക്കാർ ചെലവിൽ ഏറ്റവും അവസാനത്തെ വിമാനത്തിൽ പോകും. ആദ്യത്തെ വിമാനത്തിൽ തിരിച്ചുവരും. കോടിക്കണക്കിന് രൂപ ചെലവാക്കി കോൺഗ്രസ് നടപ്പാക്കിയ ഹറാമായ ഹജ്ജ് അവസാനിപ്പിച്ച നേതാവാണ് നരേന്ദ്രമോദി. സർക്കാറിന്റെ പണം കട്ടുമുടിച്ച് ധൂർത്തടിച്ച് പോകുന്നത് ഹലാലായ ഹജ്ജല്ല, ഹറാമായ ഹജ്ജാണ്. അത് സത്യവിശ്വാസികളെ പഠിപ്പിച്ച ഗുരുഭൂതനാണ് നരേന്ദ്രമോദി.' - അബ്ദുല്ലക്കുട്ടി വ്യക്തമാക്കി.
ഹജ്ജ് തീർത്ഥാടനത്തിലും കമ്മിറ്റിയിലും മോദി സ്ത്രീ ശാക്തീകരണം നടത്തിയെന്നും അബ്ദുല്ലക്കുട്ടി അവകാശപ്പെട്ടു. 'ഹജ്ജിൽ ഒരു പ്രശ്‌നമുണ്ടായിരുന്നു. സ്ത്രീകൾക്ക് ഒറ്റയ്ക്ക് ഹജ്ജിന് പോകാൻ പറ്റില്ല. വിവാഹം നിഷിദ്ധമായ തുണയുണ്ടെങ്കിൽ മാത്രമേ ഹജ്ജിന് പോകാൻ ആകുമായിരുന്നുള്ളൂ. നരേന്ദ്രമോദിയുടെ നിർദേശം അംഗീകരിച്ച് സൗദി ഗവൺമെന്റും മതപണ്ഡിതന്മാരും സ്ത്രീകൾക്ക് ഒറ്റയ്ക്ക് ഹജ്ജിന് പോകാനുള്ള സൗകര്യം അനുവദിക്കുന്നു. ഏറ്റവും പുതിയ ഹജ്ജ് കമ്മിറ്റിക്ക് രണ്ട് സ്ത്രീകളുണ്ട്. നമ്മുടെ നാട്ടിൽ എവിടെയും വഖ്ഫ് ബോർഡിലും ഹജ്ജ് കമ്മിറ്റിയിലും സ്ത്രീകൾ ഉണ്ടാകാറില്ല. അതനുവദിക്കാൻ നരേന്ദ്രമോദി തയ്യാറായി.'
Summary: BJP National Vice President AP Abdullakutty's statement that Prime Minister Narendra Modi has called on the UAE Sheikh to increase the number of Hajj seats has been trolled. Social media is asking what is the connection between UAE and Hajj