ഇടുക്കി മെഡിക്കല്‍ കോളേജിന് അംഗീകാരം:100 സീറ്റുകളിൽ ഈ വർഷം ക്ലാസുകൾ തുടങ്ങും
മറ്റ് മെഡിക്കല്‍ കോളേജുകള്‍ പോലെ ഇടുക്കി മെഡിക്കല്‍ കോളേജിനേയും ഉന്നത നിലവാരത്തിലെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നടപടിക്രമങ്ങള്‍ വേഗത്തിലാക്കി ഈ വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
തിരുവനന്തപുരം: ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 100 എംബിബിഎസ് സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചു. ഈ വർഷം പ്രവേശനം നടത്താനുള്ള അനുമതിയാണ് ലഭിച്ചത്.അഞ്ചു വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇടുക്കി മെഡിക്കൽ കോളജിന് വീണ്ടും അംഗീകാരം കിട്ടിയത്.
മെഡിക്കൽ കോളജിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി ഈ വർഷം അപേക്ഷ നൽകിയിരുന്നു. ഇതനുസരിച്ച് ഫെബ്രുവരി മാസമാദ്യം നാഷണൽ മെഡിക്കൽ കമ്മീഷൻ പരിശോധന നടത്തി. പോരായ്മകൾ പരിഹരിക്കാൻ നിർദ്ദേശം നൽകി. അധ്യാപകരുടെയും റെസിഡൻറ് ട്യൂട്ടർമാരുടെയും എണ്ണത്തിലുള്ള കുറവും ഹോസ്റ്റൽ, ലൈബ്രറി, പരിശോധന ഉപകരണങ്ങൾ എന്നിവയുടെ കുറവുമാണ് കമ്മീഷൻ ചൂണ്ടിക്കാട്ടിയത്. ഇവ പരിഹരിച്ച ശേഷം വീണ്ടും റിപ്പോർട്ട് സമർപ്പിച്ചതിനെ തുടന്നാണ് അംഗീകാരം ലഭിച്ചത്. ആരോഗ്യ സവ്വകലാശാലയുടെയും സക്കാരിൻറെയും തീരുമാനം വന്നാൽ ഈ വർഷം തന്നെ 100 കുട്ടികൾക്ക് ഇടുക്കി മെഡിക്കൽ കോളജിൽ പഠനം തുടങ്ങാനാകും.
ഇടുക്കി മെഡിക്കല്‍ കോളേജില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമാക്കുന്നതിനായി കൃത്യമായ ആസൂത്രണത്തോടെ കൂട്ടായ പരിശ്രമമാണ് നടത്തിയത്. മെഡിക്കല്‍ കോളേജിന് അനുമതി ലഭിക്കാനാവശ്യമായ സജ്ജീകരണങ്ങളൊരുക്കി ആവശ്യമായ ജീവനക്കാരെ നിയമിച്ചു. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പുതിയ കെട്ടിടം പൂര്‍ത്തീകരിച്ച് ഐപി ആരംഭിച്ചു. അംഗീകാരം നേടിയതോടെ മറ്റ് മെഡിക്കല്‍ കോളേജുകള്‍ പോലെ ഇടുക്കി മെഡിക്കല്‍ കോളേജിനേയും ഉന്നത നിലവാരത്തിലെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നടപടിക്രമങ്ങള്‍ വേഗത്തിലാക്കി ഈ വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
അത്യാഹിത വിഭാഗം ആരംഭിച്ചു. കൂടുതല്‍ സൗകര്യങ്ങളോടെയാണ് ഒപി വിഭാഗം പുതിയ ആശുപത്രി സമുച്ഛയത്തിലേക്ക് മാറ്റിയത്. സി.റ്റി സ്‌കാന്‍, ഡിജിറ്റല്‍ എക്‌സറേ, മാമോഗ്രാം, കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി തുടങ്ങിയ അത്യാധുനിക പരിശോധനാ സംവിധാനങ്ങളൊടൊപ്പം രക്തത്തിലെ പ്ലാസ്മ വേര്‍തിരിച്ച് സൂക്ഷിക്കാനുള്ള ജില്ലയിലെ ആദ്യത്തെ ബ്ലഡ് സെന്ററും ആരംഭിച്ചു. ഇനിയും കൂടുതല്‍ സൗകര്യങ്ങളൊരുക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.