നായ കുരച്ചതിൻ്റെ പേരിൽ തർക്കം; കൊച്ചിയില്‍ ഇതര സംസ്ഥാനക്കാർ മർദിച്ചയാൾ മരിച്ചു
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിനോദാണ് മരിച്ചത്
കൊച്ചി: എറണാകുളം മുല്ലശേരി കനാൽ റോഡിൽ നായ കുരച്ചതിൻ്റെ പേരിലുള്ള തർക്കത്തെ തുടർന്ന് ഇതര സംസ്ഥാനക്കാർ മർദിച്ചയാൾ മരിച്ചു. ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവറായ വിനോദ് എന്നയാളാണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാർച്ച് 25 ന് രാത്രിയാണ് വിനോദിന് മർദനമേറ്റത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വിനോദിന്‍റെ വീട്ടിലെ നായ കുരച്ചത് ഇതരസംസ്ഥാനക്കാരായ തൊഴിലാളികള്‍ ചോദ്യം ചെയ്യുകയായിരുന്നു. അതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിലാണ് വിനോദിനെ മര്‍ദിക്കുകയും കഴുത്ത് കുത്തിപ്പിടിക്കുകയും ചെയ്തത്. ബോധരഹിതനായ വിനോദിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു വിനോദ് ഇന്ന് രാവിലെ 11 മണിയോടെയാണ് മരിച്ചത്. തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ചതാണ് മരണകാരണമായി പറയുന്നത്. സംഭവത്തില്‍ അറസ്റ്റിലായ നാല് പ്രതികളും റിമാന്‍ഡിലാണ്.