അരിക്കൊമ്പൻ ശങ്കരപാണ്ഡ്യമേട്ടിൽ; ആനയെ കണ്ടെത്തി വനം വകുപ്പ്
ദൗത്യമേഖലക്ക് സമീപം ആനയെ എത്തിക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്
ഇടുക്കി: അരിക്കൊമ്പനെ കണ്ടെത്തി വനം വകുപ്പ് സംഘം. ആനയുള്ളത് ശങ്കരപാണ്ഡ്യമേട്ടിലെ ചോലക്കുള്ളിൽ. ദൗത്യമേഖലക്ക് സമീപം ആനയെ എത്തിക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്.
സിമൻറ് പാലത്തിന് സമീപം അരിക്കൊമ്പൻ ഉണ്ടെന്ന നിഗമനത്തിൽ ദൗത്യസംഘമെത്തിയെങ്കിലും ആനയെ കണ്ടെത്താനായിരുന്നില്ല. കാട്ടാനക്കൂട്ടത്തോടൊപ്പം ചക്കക്കൊമ്പനാണെന്ന് തിരിച്ചറിഞ്ഞതോടെ അരിക്കൊമ്പനായുള്ള അന്വേഷണം ഊർജിതമാക്കുകയായിരുന്നു. ഇന്നത്തെ തെരച്ചിൽ നിർത്തി നാളെ എട്ട് മണിയോടെ ദൗത്യമാരംഭിക്കാനായിരുന്നു വനം വകുപ്പിന്റെ തീരുമാനം. അതിനിടെയാണ് അരിക്കൊമ്പനെ കണ്ടെത്തിയത്.
അരിക്കൊമ്പനെ പിടികൂടി ചിന്നക്കന്നാലിൽ നിന്ന് കൊണ്ട് പോകുന്നതിനായി പ്രത്യേക വാഹനമാണ് വനംവകുപ്പ് ഒരുക്കിയിരിക്കുന്നത്. യുക്കാലി തടി ഉപയോഗിച്ചുള്ള കൂടും അരിക്കൊമ്പനെ വലിച്ചു കയറ്റാനുള്ള ക്രെയ്ൻ സംവിധാനവും വാഹനത്തിലുണ്ട്. ആഴ്ചകൾ നീണ്ട തയ്യാറെടുപ്പിന് ഒടുവിലാണ് അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന് ഇന്ന് തുടക്കമായത്. വനംവകുപ്പിന്റെ നേതൃത്വത്തിൽ 150 അംഗ സംഘമാണ് ദൗത്യത്തിനായി ഇറങ്ങിയത്.