വീട്ടുമുറ്റത്ത് അർജുന് നിത്യനിദ്ര; കണ്ണീർപ്പൂക്കളർപ്പിച്ച് കേരളം

അവസാന നിമിഷത്തെ കാഴ്ചകള്‍ കണ്ട് മൂന്നു വയസുള്ള മകൻ അയാൻ ആർത്തുകരയുന്ന രംഗം കണ്ടുനിന്നവരുടെയെല്ലാം കണ്ണുനനയിക്കുന്നതായിരുന്നു

Update: 2024-09-28 08:00 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: കേരളത്തിന്റെ മൊത്തം ഹൃദയനൊമ്പരമായി മാറിയ അർജുന് ഒടുവിൽ നാട് കണ്ണീരോടെ വിടചൊല്ലി. ഉറ്റവരുടെയും ഉടയവരുടെയും നാടിന്റെ നാനാദിക്കുകളിൽനിന്ന് ഒഴുകിയെത്തിയ പതിനായിരങ്ങളുടെയും മുന്നിൽ 30കാരന്‍റെ ഭൗതികദേഹത്തെ തീനാളങ്ങേറ്റുവാങ്ങി. സ്വന്തമായി പണിതുണ്ടാക്കിയ വീടിന്റെ തൊട്ടുചാരത്തായി ഇനി അർജുന് നിത്യനിദ്ര.

രാവിലെ ഒൻപതു മണിയോടെ കോഴിക്കോട് കണ്ണാടിക്കല്‍ വീട്ടുമുറ്റത്തെത്തിയ മൃതദേഹം 11 മണിവരെ പൊതുദർശനത്തിനു വച്ചു. തുടർന്നാണ് അന്ത്യകർമങ്ങൾക്കായി എടുത്തത്. ഐവർമഠത്തിൽനിന്നുള്ള പരികര്‍മികളാണ് സംസ്‌കാര ചടങ്ങുകൾക്കു നേതൃത്വം നൽകി. സഹോദരന്‍ അഭിജിത്തും സഹോദരീ ഭര്‍ത്താവ് ജിതിനും ചേര്‍ന്ന് ചിതയില്‍ തീകൊളുത്തി. അവസാന നിമിഷത്തെ കാഴ്ചകള്‍ കണ്ട് മൂന്നു വയസുള്ള മകൻ അയാൻ ആർത്തുകരയുന്ന രംഗം കണ്ടുനിന്നവരുടെയെല്ലാം കണ്ണുനനയിക്കുന്നതായിരുന്നു.

ഇന്നലെ ഉച്ചയോടെ ഡിഎൻഎ പരിശോധനാ ഫലം പുറത്തുവന്നതിനു പിന്നാലെ സഹോദരനും സഹോദരീ ഭർത്താവും ചേർന്ന് കാർവാർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് അർജുന്റെ മൃതദേഹം ഏറ്റുവാങ്ങുകയായിരുന്നു. തുടർന്നു വൈകീട്ടോടെയാണ് കാർവാറിൽനിന്ന് മൃതദേഹവുമായി ആംബുലൻസ് നാട്ടിലേക്കു പുറപ്പെട്ടത്. ഷിരൂരിലെ തിരച്ചിലിനു നേതൃത്വം നൽകിയ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ, മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് തുടങ്ങിയവർ യാത്രയിലുടനീളം അനുഗമിച്ചു. ഉഡുപ്പിയിൽനിന്ന് ഈശ്വർ മാൽപെയും ചേർന്നു. പുലർച്ചെ രണ്ടു മണിയോടെ കാസർകോട് ബസ് സ്റ്റാൻഡിൽ ജനക്കൂട്ടം ആദരമർപ്പിച്ചു.

ഇന്നു പുലർച്ചെ അഞ്ചു മണിയോടെയാണ് ആംബുലൻസ് കോഴിക്കോട് ജില്ലാ അതിർത്തിയായ അഴിയൂരിൽ എത്തിയത്. ഇവിടെ മന്ത്രി എ.കെ ശശീന്ദ്രൻ മൃതദേഹം ഏറ്റുവാങ്ങി. കോഴിക്കോട് കലക്ടർ സ്നേഹിൽ കുമാർ സിങ്, കെ.കെ രമ എംഎൽഎ തുടങ്ങിയവർ അഴിയൂരിൽ എത്തിയിരുന്നു.


പൂളാടിക്കുന്ന് ബൈപ്പാസ് വരെ സമയം പാലിച്ചെത്തിയ യാത്ര ആൾക്കൂട്ടത്തിന്റെ തിരക്കേറിയതോടെ മന്ദഗതിയിലായി. പാതയോരങ്ങളിൽ ഇരുവശത്തുമായി തടിച്ചുകൂടിയ ജനക്കൂട്ടത്തിനു നടുവിലൂടെ 8.10ഓടെ കണ്ണാടിക്കൽ ബസാറിലെത്തി. തുടർന്ന് ഇവിടെനിന്ന് കാൽനടയായി വീട്ടിലേക്ക് വിലാപയാത്ര ആരംഭിച്ചു. ഒടുവിൽ 9.05ഓടെ അർജുന്റെ മൃതദേഹവുമായി ആംബുലൻസ് വീട്ടുവളപ്പിൽ പ്രവേശിച്ചു. അർജുന്റെ യാത്ര അങ്ങനെ വീട്ടുമുറ്റത്ത് തന്നെ അവസാനിച്ചു.

ജൂലൈ 16നാണ് കർണാടകയിലെ ദേശീയപാത 66ൽ ഷിരൂരിൽ ഗംഗാവലി പുഴയോട് ചേർന്ന് മണ്ണിടിച്ചിലുണ്ടായത്. അപകടത്തിൽ പ്രദേശത്തുണ്ടായിരുന്ന ചായക്കടയും പരിസരത്ത് ന നിർത്തിയിട്ടിരുന്ന വാഹനങ്ങളുമൊന്നാതെ മണ്ണിനടിയിൽപെട്ടു. പിന്നാലെയാണു ലോറിയിൽ മരത്തടി കയറ്റിവന്ന കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനും കാണാതായവരിലുണ്ടെന്ന വാർത്ത പുറത്തുവരുന്നത്. സംഭവം പുറത്തറിഞ്ഞതിനു പിന്നാലെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നെങ്കിലും കാര്യമായൊന്നും കണ്ടെത്താനായില്ല.


രക്ഷാപ്രവർത്തനം മന്ദഗതിയിലായതോടെ മലയാള മാധ്യമങ്ങളുടെ ഉൾപ്പെടെ ഇടപെടലിലും സംസ്ഥാന സർക്കാരിന്റെയും കേരളത്തിലെ ജനപ്രതിനിധികളുടെയും സമ്മർദത്തിൽ കർണാടക സർക്കാർ തിരച്ചിൽ ഊർജിതമാക്കുകയായിരുന്നു. സർവസജ്ജീകരണവുമായി ദിവസങ്ങളെടുത്ത് കരയിലും പുഴയിലും ഊർജിതമായ തിരച്ചിൽ നടത്തിയിട്ടും അർജുനെ കുറിച്ച് ഒരു തുമ്പും കണ്ടെത്താനായില്ല. ഒടുവിൽ 72-ാം ദിവസം പുഴയുടെ ആഴങ്ങളിൽനിന്ന് അർജുന്റെ ലോറിയും അകത്ത് മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തുകയായിരുന്നു.

സെപ്റ്റംബർ 25ന് ഗംഗാവലി പുഴയിൽനിന്ന് കണ്ടെത്തിയ ലോറിയിൽനിന്നാണ് ശരീരഭാഗങ്ങൾ ലഭിച്ചത്. വ്യാഴാഴ്ച രാവിലെ ലോറി ദേശീയപാതയുടെ അരികിലേക്ക് കയറ്റി. ലോറിയുടെ കാബിൻ പൊളിച്ചുമാറ്റിയപ്പോള്‍ അകത്തുനിന്ന് അർജുന്റെ രണ്ട് മൊബൈൽ ഫോണുകളും ബാഗും വസ്ത്രങ്ങളും കളിപ്പാട്ടവുമെല്ലാം കണ്ടെടുക്കുകയും ചെയ്തു.


മന്ത്രി എ.കെ ശശീന്ദ്രനും കാർവാർ എംഎൽഎ സതീഷ് സെയിലിനും പുറമെ എംപിമാരായ എം.കെ രാഘവൻ, ഷാഫി പറമ്പിൽ, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, സച്ചിൻ ദേവ്, ലിന്റോ ജോസഫ്, കോഴിക്കോട് മേയർ ബീന ഫിലിപ്പ്, മുസ്്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, വി. വസീഫ്, കെ.എം അഭിജിത്ത്, പി.കെ ഫിറോസ്, എ. പ്രദീപ് കുമാർ, പി. ഗവാസ് തുടങ്ങി നിരവധി പ്രമുഖർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.

Summary: Arjun funeral live updates

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News