ചുവന്ന പുഷ്പഹാരം പരസ്പരം അണിയിച്ചു; ലളിതം സുന്ദരം ആര്യ-സച്ചിന്‍ വിവാഹം
ആര്‍ഭാടങ്ങളൊന്നുമില്ലാതെ ലളിതമായിരുന്നു ചടങ്ങ്
ആര്‍ഭാടങ്ങളൊന്നുമില്ലാത്ത തികച്ചും ലളിതമായ ചടങ്ങിലാണ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം.എല്‍.എ സച്ചിന്‍ദേവും വിവാഹിതരായത്. ഇരുവരും പരസ്പരം ചുവന്ന പുഷ്പഹാരം അണിയിച്ചു. മറ്റു ചടങ്ങുകളൊന്നും ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, മന്ത്രിമാര്‍ ഉള്‍പ്പെടെ രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഉപഹാരങ്ങളൊന്നും സ്വീകരിക്കില്ലെന്ന് ആര്യ രാജേന്ദ്രന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സ്നേഹോപഹാരം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ അഗതിമന്ദിരങ്ങളിലോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കോ നല്‍കണമെന്നും നേരത്തെ ആര്യ അഭ്യര്‍ഥിക്കുകയുണ്ടായി.
എങ്ങനെയാണ് വിവാഹത്തിലെത്തിയതെന്ന് ആര്യയും സച്ചിനും കഴിഞ്ഞ ദിവസം മീഡിയവണിനോട് മനസ്സുതുറക്കുകയുണ്ടായി. ആഴത്തിലുള്ള സൗഹൃദത്തിനപ്പുറത്തേക്ക് പ്രണയത്തിന്‍റെ തലത്തിലേക്ക് കടന്നിരുന്നില്ലെന്ന് സച്ചിന്‍ദേവ് പറഞ്ഞു. എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന സമയത്താണ് ആര്യയുമായി സൗഹൃദത്തിലാകുന്നത്. അതു പിന്നെ ഒരു വിവാഹത്തിലേക്ക് എത്തുകയായിരുന്നു. വല്ലപ്പോഴും ഒരുമിച്ച് ചായ കുടിക്കും, ചെറിയ യാത്രകള്‍.. അതിനപ്പുറത്തേക്ക് കൂടുതല്‍ സമയം ഞങ്ങളൊരുമിച്ച് ചെലവഴിച്ചിട്ടില്ല- സച്ചിന്‍ പറഞ്ഞു.
ആദ്യം മുതലേ സച്ചിനെ സച്ചിനേട്ടന്‍ എന്നാണ് താന്‍ വിളിച്ചിരുന്നതെന്ന് ആര്യ പറഞ്ഞു- "ആരാണ് ആദ്യം ഇഷ്ടം തുറന്നു പറഞ്ഞതെന്ന് ചോദിച്ചാല്‍ ഞങ്ങള്‍ രണ്ടു പേര്‍ക്കും അതു മനസിലുണ്ടായിരുന്നു. അത് ഒരാള്‍ പറഞ്ഞ് പിന്നൊരാള്‍ക്ക് തോന്നി എന്നതല്ല. വിവാഹത്തെക്കുറിച്ച് ആലോചിച്ചുകൂടെ എന്ന് ആദ്യം ചോദിച്ചത് സച്ചിനേട്ടനായിരുന്നു. നിനക്ക് താല്‍പര്യമുണ്ടെങ്കില്‍ ഞാന്‍ വീട്ടില്‍ സംസാരിക്കാമെന്നും പറഞ്ഞു. വീട്ടില്‍ സംസാരിക്കണം എന്നു ഞാനും പറഞ്ഞു".
സച്ചിൻദേവ് കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എയാണ്. ആര്യ രാജേന്ദ്രനാകട്ടെ രാജ്യത്തെ പ്രായം കുറഞ്ഞ മേയറും. കോഴിക്കോട് സ്വദേശിയാണ് സച്ചിൻദേവ്. സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്. നിയമ ബിരുദധാരിയാണ്. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും സി.പി.എം ചാല ഏരിയ കമ്മിറ്റി അംഗവുമായ ആര്യ 21ആം വയസ്സിലാണ് മേയറായത്. തിരുവനന്തപുരം ആൾ സെയിന്‍റ്സ് കോളജിൽ വിദ്യാർഥിയായിരിക്കെയാണ് മേയറായത്.